കോവിഡ് വാക്സീനുകള്‍ ഇടകലര്‍ത്തി നല്കുന്ന കാര്യത്തെ കുറിച്ച് ഗവണ്മെന്റ് ആലോചിക്കവേ ഇതിനെതിരെ എയിംസിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍. ആദ്യ രണ്ട് ഡോസായി കോവിഷീല്‍ഡ് ലഭിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കോവാക്സിനും ആദ്യ രണ്ട് ഡോസായി കോവാക്സിന് ലഭിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കോവിഷീല്‍ഡും നല്‍കുന്നതിന്റെ സാധ്യതകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിച്ച് വരികയാണ്. വാക്സീന് ഇടകലര്‍ത്തി നല്‍കുന്നതിന്റെ സാധ്യതകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിച്ച് വരികയാണ്. എന്നാല്‍ വാക്സീന് ഇടകലര്‍ത്തി നല്‍കുന്നതിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണെന്ന് എയിംസിലെ കമ്മ്യൂണിറ്റി മെഡിസിന് പ്രഫസര്‍ സഞ്ജയ് റായ് ചൂണ്ടിക്കാട്ടി.
വാക്സീന് ഇടകലര്‍ത്തി നല്കുമ്പോൾ എന്തെങ്കിലും പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഏത് വാക്സീന് മൂലമാണ് ഇതുണ്ടായതെന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാകുമെന്ന് പ്രഫ. സഞ്ജയ് പറഞ്ഞു. ഇങ്ങനെ വന്നാല്‍ വാക്സീന് നിര്‍മാണ കമ്പനികള്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് എളുപ്പം രക്ഷപ്പെടാന്‍ സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആഗോള തലത്തില്‍ 33 വാക്സീനുകള്‍ക്കാണ് ഇത്തരത്തില്‍ ഇടകലര്‍ത്തി നല്‍കാനായി അനുമതി ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലാകട്ടെ വെള്ളൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി നല്കുന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ഈ ഘട്ടത്തില്‍ വാക്സീന് ഇടകലര്‍ത്തി നല്കുന്നതില് യുക്തിയില്ലെന്നും വാക്സീനുകളുടെ അഭാവമോ അടിയന്തര സാഹചര്യമോ രാജ്യത്തില്ലെന്നും പ്രഫ. സഞ്ജയ് ചൂണ്ടിക്കാട്ടുന്നു. വാക്സീന് ഇടകലര്ത്തുമ്പോൾ ആന്റിബോഡികളുടെ തോത് വര്‍ധിക്കുമെന്നതു കൊണ്ടു മാത്രം അവ ഉയര്‍ന്ന സംരക്ഷണം നല്‍കുമെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






