
സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പ്രണയ ജോഡികളാക്കി ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ ‘അനിയത്തിപ്രാവിന്’ ഇന്ന് 25-ാം പിറന്നാളാണ്. ഒപ്പം കുഞ്ചാക്കോ ബോബന് എന്ന നടന്റെ അഭിനയ ജീവിതത്തിനും ഇന്ന് ഇരുപത്തിയഞ്ച് വയസ് തികയുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേഷ് പിഷാരടി കുഞ്ചാക്കോ ബോബന് സിനിമയില്‍ ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നതിന് വളരെ രസകരമായ ക്യാപ്ഷനും നല്കി ചിത്രം പങ്കുവച്ചിരിക്കുകയാണ്. ‘‘ഇഷ്ടം കൂടുതലുള്ളവർ, ഇഷ്ടം കുറഞ്ഞവർ...ഇവരേ ഉള്ളു നിങ്ങൾക്ക്, ഇഷ്ടം ഇല്ലാത്തവരില്ല...... എന്റെ അസൂയയ്ക്ക് 25 വയസായി, വെറുക്കാനൊരു കാരണം തരു മിഷ്ടർ’’ എന്നാണ് രമേഷ് പിഷാരടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അനിയത്തി പ്രാവിന്റെ 25-ാം പിറന്നാള്‍ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ന്റെ ലൊക്കേഷനില്‍ വച്ച് കുഞ്ചാക്കോ ബോബനും കേക്ക് മുറിച്ച് ആഘോഷിച്ചു.
1997 മാര്‍ച്ച് 26നാണ് അനിയത്തിപ്രാവ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്. രണ്ട് വ്യത്യസ്ത മതങ്ങളില്‍നിന്നുള്ള സുധിയുടെയും മിനിയുടെയും പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം സുധീഷ്, ഹരിശ്രീ അശോകന്, തിലകന്, ശ്രീവിദ്യ, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ, ഇന്നസെന്റ്, പറവൂര്‍ ഭരതന്, ശങ്കരാടി, അബി, ഷാജിന്, കെ.പി.എ.സി ലളിത തുടങ്ങിയവരായിരുന്നു താരങ്ങള്‍. മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച ചിത്രം കൂടിയാണ് അനിയത്തിപ്രാവ്. എസ്. രമേശന് നായരുടെ തൂലികയില്‍ പിറന്ന മനോഹരമായ പ്രണയഗാനങ്ങളാണ് അനിയത്തി പ്രാവിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. ഔസേപ്പച്ചനാണ് ഈ ഗാനങ്ങളുടെ സംഗീത സംവിധാനവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കിയത്. ഫാസിലിന്റെ ശക്തമായ തിരക്കഥയായിരുന്നു പല ഭാഷകളിലും റീ മേക്ക് ചെയ്യപെട്ട അനിയത്തിപ്രാവിന്റേത്. അദേഹത്തിന്റെ കണ്ടെത്തലായ കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി നായകനും നായികയുമായി അഭിനയിച്ച ചിത്രമാണ് അനിയത്തിപ്രാവ്.
ചാക്കോച്ചന് കോളേജ് കുമാരിമാരുടെ പ്രിയ നായകന്, ചോക്ളേറ്റ് നായകന് എന്ന ഇമേജ് ലഭിച്ചതും അനിയത്തി പ്രാവിലൂടെയാണ്.






