കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു ഘട്ടത്തിലും എതിരല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. എന്നാല്‍ ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അറിയിക്കാതെ വീടുകളില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോ? കെ.റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന് ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയത്. ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
കെ.റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ഡിസംബറില്‍ കോടതി വിലക്കിയതാണ്. ഡിവിഷന് ബെഞ്ച് ആ ഉത്തരവ് തടഞ്ഞിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും കോടതി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സിംഗിള്‍ ബെഞ്ച്.
ഡിവിഷന് ബെഞ്ചിന്റെ ഉത്തരവനുസരിച്ച് സര്‍വേ നടപടികളുമായി മുന്നോട്ടുപോകാം. എന്നാല്‍ സര്‍വേയുടെ രീതി നിയമപരമാണോ എന്ന് ചിന്തിക്കണം. ുരു സ്വകാര്യ ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്തുമ്പോള്‍ ഉടമയെ അറിയിക്കേണ്ട ബാധ്യതയുണ്ട്. അല്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.






