
യുവതലമുറകൾക്കിടയിൽ പച്ചകുത്തൽ സംസ്കാരം സാവധാനത്തിൽ ഒരു യഥാർത്ഥ കലാരൂപമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്നിലധികം ടാറ്റൂ ശരീരത്തില്‍ ചെയ്യുന്നത് ഒരു ട്രെന്‍ഡിംഗ് സെറ്ററായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതിനിടെയാണ് ടാറ്റൂ ചെയ്യുന്നതുമായി സംബന്ധിച്ച് ചില പ്രശ്നങ്ങളും വന്നത്. കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റുകൾക്കെതിരെ പീഡനക്കേസുകള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ ടാറ്റു പാർലറുകൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഔൾ ടാറ്റൂസ് ഉടമയും ആർട്ടിസ്റ്റുമായ ടി പി സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിപ്പെഴുതിയിരിക്കുകയാണ്. മുമ്പ് മാധ്യമപ്രവർത്തകനായിരുന്ന സന്ദീപ് പിൽക്കാലത്ത് ടാറ്റൂ ആർട്ടിസ്റ്റായി മാറുകയായിരുന്നു. എന്നാൽ കൊച്ചിയിലെ ലൈംഗികാതിക്രമ വാർത്ത വന്നതോടെ പേരിന് പോലും ഒരാളും ടാറ്റു ചെയ്യാന്‍ പാര്‍ലറില്‍ എത്താത്ത അവസ്ഥയാണെന്നും സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള ടാറ്റൂ പാര്‍ലറുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സന്ദീപിന്റെ കുറിപ്പിലുണ്ട്. അന്നം മുടക്കിയതിന് നന്ദി എന്നു തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
‘‘നന്ദി എന്റെ അന്നം മുടക്കിയതിന്
ഇന്നേക്ക് ഒരുമാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്. ദിവസവും ഷോപ്പിൽ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതൽ വൈകീട്ട് വരെ ഇരിപ്പ് നീളും.. കടപൂട്ടി തിരിച്ചുപോകും.
ടാറ്റൂ പാർലർ നടത്തുന്ന ഞാനിപ്പോൾ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും.. കൊച്ചിയിലെ
ടാറ്റൂ പാർലറിൽ സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ പുറത്തു വന്നതിന് ശേഷം എന്റെ ജീവിതം ഇങ്ങനെയാണ്. ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാൻ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല... അന്തി ചർച്ചകളിൽ ടാറ്റൂ പാർലറുകളിലെ കാമലീലകളെന്നും മഞ്ഞകലർത്തിയ വാർത്താ റിപ്പോർട്ടുകളും ആളുകളെ പിടിച്ചിരുത്താൻ അശ്ലീലം കലർത്തി ഉണ്ടാക്കിവെച്ച ഓണ്‍ലൈൻ വാർത്തകളും തകർത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്. മുൻകൂട്ടി ബുക് ചെയ്തവർ പലരും ടാറ്റൂ അടിക്കുന്നതിൽ നിന്നും പിന്മാറി അന്വേഷണങ്ങൾ പോലും ഇല്ലാതായി. സദാചാര വാദങ്ങൾക്ക് ആക്കംകൂട്ടി മാധ്യമങ്ങൾ അഴിഞ്ഞാടിയപ്പോൾ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാമ്പയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആർട്ടിസ്റ്റുകൾ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങൾ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പിൽ എത്തുകയും ഫോണിൽ ബന്ധപ്പെട്ട് മാനസികമായി തകർക്കും വിധം സംസാരിക്കുകയും ചെയ്തു.
എന്നാൽ കഴിയുന്നതിനും അപ്പുറം ശുചിത്വ മാർഗങ്ങൾ പാലിച്ചും ആലോസരങ്ങൾ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകൾക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. റെന്റും കറന്റ് ചാർജും മെഷീൻ മെയിന്റനൻസും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളർത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് നിങ്ങളുടെ സദാചാര കൃമികടിയിൽ ഇല്ലാണ്ടാവുന്നത്. ഞാനും നാലു കൊല്ലത്തോളം മാധ്യമപ്രവർത്തനം ചെയ്തവനാണ് നിങ്ങളീ ആർപ്പുവിളിക്കുന്ന സദാചാര വിഴുപ്പഴക്കലിൽ എവിടെയാണ് എത്തിക്സ്... നന്ദി’’ സന്ദീപിന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഈ കുറിപ്പ് വന്നതോടെ സന്ദീപിനെ പിന്തുണച്ചും ആശ്വസിപ്പിച്ചും ഒരാള്‍ ചെയ്ത കുറ്റത്തിന് പാഷനേറ്റായി ജോലി ചെയ്യുന്നവരുടെ അവസ്ഥ കഷ്ടമാണെന്നുമടക്കം പലരും കമന്റുകളിടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയൊരു കുറിപ്പായതു കൊണ്ടു തന്നെ പോസിറ്റീവായ ഒരു ആറ്റിറ്റ്യൂഡ് ആളുകളുടെ ഇടയിലുണ്ടാകുമെന്ന വിശ്വാസവും സന്ദീപിനുണ്ട്.






