
മലയാള സിനിമയുടെ പ്രിയ താരമായ ജിഷ്ണു അകാലത്തില്‍ വേര്‍പെട്ടു പോയപ്പോള്‍ ആരാധകര്‍ മാത്രമല്ല കേട്ടറിഞ്ഞ ഏവര്ക്കുമതൊരു വിങ്ങലായി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് നടന് രാഘവന്റെ മകന് കൂടിയായ ജിഷ്ണു കാന്‍സറിന് കീഴടങ്ങുന്നത്. മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച് താരം കടന്നുപോയിട്ട് ആറു വര്‍ഷം പൂര്‍ത്തിയായി. താരത്തിന്റെ മരണവാര്‍ഷികത്തില്‍ സുഹൃത്തും നടനുമായിരുന്ന ജോളി ജോസഫ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘‘മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ ....?
കമൽ സാറിന്റെ ‘നമ്മൾ’ എന്ന ചലചിത്രത്തിലൂടെ രംഗപ്രവേശനം ചെയ്ത ഞങ്ങളുടെ ജിഷ്ണു സ്വർഗത്തിലേക്ക് പോയിട്ട് , ഇന്നത്തേക്ക് കൃത്യം ആറ് വര്‍ഷം...! 19 വര്‍ഷം മുൻപ് അൻസാർ കലാഭവൻ ഡയറക്റ്റ് ചെയ്ത ‘വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്’ എന്ന ചലച്ചിത്രത്തിന്റെ ഭാഗമായിരുന്ന ഞാൻ, ഹീറോയായിരുന്ന ജിഷ്ണുവിനെയും, ഹീറോയിനായൊരുന്ന ഭാവനയെയും പരിചയപെട്ടത്. അവൻ വഴി അച്ഛൻ രാഘവേട്ടനെയും അമ്മ ശോഭേച്ചിയെയും പരിചയപ്പെട്ടു . പിന്നീട് മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവൻ ചെങ്ങായിമാരാക്കി …!
എനിക്ക് അവൻ ആരായിരുന്നു എന്നത് ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമാണ്. എന്നെ ഇത്ര മാത്രം കളിയാക്കിയിരുന്ന, വഴക്കു പറഞ്ഞിരുന്ന, ദേഷ്യപ്പെട്ടിരുന്ന, ചിരിപ്പിച്ചിരുന്ന, കളിച്ചിരുന്ന, സ്വാധിനിച്ചിരുന്ന ഒരു മാജിക് പ്രെസെൻസ് ആയിരുന്നു. കുടിക്കാത്ത വലിക്കാത്ത പക്ഷെ കള്ള കുസൃതിക്കാരനായ ജിഷ്ണു. പലപ്പോഴും എന്റെ വീട്ടിൽ വന്നു ഇന്ദുവിനോട് അവന് ആവശ്യമുള്ള ഭക്ഷണം ചോദിച്ചു പാചകം ചെയ്യിപ്പിച്ചു കഴിക്കുമായിരുന്നു... പിന്നീട് അവന്റെ ഫോൺ വിളികളിൽ, ഇഷ്ടമുള്ളത് പാചകം ചെയ്തു കാത്തിരിക്കുമായിരുന്നു എന്റെ ഇന്ദു. രസകരമായ ഷൂട്ടിംഗ് വിശേഷങ്ങൾ വീട്ടിൽ കൊണ്ട് വന്നു അവനും വിളമ്പുമായിരുന്നു...
സിനിമയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന, ഒരുപാടു പഠിക്കാൻ ശ്രമിച്ച, കൃത്യമായും , സെന്സിബിളായും സംസാരിക്കാൻ അറിയാവുന്ന കുറച്ചു സിനിമക്കാരിൽ അവനും ഉണ്ടായിരുന്നു... അവൻ വഴി സിനിമയിലും അല്ലാത്തതുമായ ഒരുപാടു പേരെ ഞാൻ പരിചപ്പെട്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന, മധു വാരിയർ, നിഷാന്ത് സാഗർ, അരവിന്ദർ, ബിജു, പ്രശാന്ത് പ്രണവം അങ്ങിനെ അങ്ങിനെ ഒരുപാടു പേരുടെ അല്ലറ ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും തീർത്തിരുന്നതു അവനായിരുന്നു.
അവന്റെ രോഗവിവരങ്ങൾ അറിഞ്ഞപ്പോൾ, വീട്ടുകാരോടൊപ്പം ഞങ്ങളും തളർന്നപ്പോൾ, അവനായിരുന്നു വെളിച്ചമായും, കുസൃതികളായും, ഒട്ടും തന്നെ പരിഭ്രമില്ലാതെ മുന്നിട്ടു നിന്നത് തിരുവനന്തപുരത്തു വീട്ടിൽ മാത്രം കഴിഞ്ഞിരുന്ന അവനെ ഞാനും കൈലാഷും കാണാൻ ചെന്ന് നിർബന്ധിച്ചതുകൊണ്ടായിരുന്നു. അവന് വളരെ ഇഷ്ടപെട്ട എറണാകുളത്തെ മറൈൻ ഡ്രൈവിലെ എന്റെ ഫ്ലാറ്റിലേക്ക് കുടുംബത്തോടൊപ്പം ഷിഫ്റ്റ് ചെയ്തത്. ഏകദേശം രണ്ടു വർഷത്തോളം ഞങ്ങൾ കൂട്ടുകാർ അവനെ പൊന്നു പോലെ, കരുതലോടെ കാത്തു ,അവന്റെ കുസൃതികളിൽ പങ്കാളികളായി ..അവനു സമർപ്പണമായി ഞാനൊരു ഷോർട് ഫിലിമും ചെയ്തു ‘speechless’...
ആ നാളുകളിൽ സോഷ്യൽ മീഡിയകളിൽ അവൻ വളരെ ആക്ടിവായിരുന്നു ...ഞങ്ങൾ രാത്രികളിൽ ഡ്രൈവിന് പോകുമായിരുന്നു. വളരെ സേഫ് സെൻസിൽ കാർ ഓടിക്കുന്ന വ്യക്തികളിൽ ഒരാളാണ് ജിഷ്ണു. നടി മമത മോഹൻദാസുമായി നല്ല ചങ്ങാത്തം ഉണ്ടായിരുന്ന അവന് അമേരിക്കയിൽ പോയി ചികിൽസിക്കാനും പ്ലാനുണ്ടായിരുന്നു... മാർച്ച് മാസത്തിൽ അമേരിയ്ക്കയിലുണ്ടായിരുന്ന ഞാൻ, തിരികെ വന്ന ഉടനെ മമതയുടെ സഹായത്തോടെ അവനെയും കൂട്ടി അമേരിക്കയിൽ പോകാനായിരുന്നു പ്ലാൻ, അതവൻ ആഗ്രഹിച്ചിരുന്നു... 22 നു രാത്രി തിരിക വന്ന എനിക്ക് 23 നു അമൃതയിൽ അഡ്മിറ്റ് ചെയ്ത അവന്റെ ടെക്സ്റ്റ് മെസ്സേജ് വന്നു, ചീത്ത വാക്കുകൾ കൊണ്ട് ദേഷ്യപ്പെട്ടു മാത്രം നിറയാറുള്ള മെസ്സേജിൽ അവൻ എന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി, ദൈവം പ്രതിഫലം തരുമെന്നും പറഞ്ഞു...ഞാൻ അവനു തെറികൊണ്ട് മറുപടി നൽകി... അതോടൊപ്പം അമേരിക്കയിലേക്ക് പോകാൻ റെഡിയാകാനും പറഞ്ഞു...!
25 തീയതി അതിരാവിലെ മനോരമ TV യിലെ റോമി മാത്യു വിളിച്ചു.... അലറി കരഞ്ഞ ഞാൻ ഇന്ദുവും കൈലാഷുമായി അമൃത ഹോസ്പിറ്റലിലേക്ക് പോയി തളർന്നിരുന്ന രാഘവേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു... അദ്ദേഹം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു...! പിന്നെ ജനപ്രവാഹമായീ... എല്ലാ ചടങ്ങുകൾക്കും രവിപുരത്തെ ശ്മശാനത്തിലെ തീ അവനെ വിഴുങ്ങുമ്പോഴും കുടുബാംഗങ്ങളും, ബന്ധുക്കളും കൂട്ടുകാരും ഈറനഞ്ഞ കണ്ണുകളുമായി നിന്നപ്പോൾ, കൈലാഷും ഞാനും മധുവും നിഷാന്തും സിദ്ധാർഥ് ശിവയും കെട്ടിപ്പിടിച്ചു നിന്ന് ഹൃദയം പൊട്ടി കരഞ്ഞു...!
മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ...?’’ ഹൃദയസ്പര്‍ശിയായ ഈ കുറിപ്പിനൊപ്പം ജിഷ്ണുവിന്റെ ചിത്രവും ജോളി പങ്കുവച്ചിട്ടുണ്ട്.






