
പ്രശസ്ത സിനിമാ നാടക നടന് കൈനകരി തങ്കരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാളത്തിലെ മിക്ക താരങ്ങളും കുറിപ്പുകളെഴുതിയിട്ടുണ്ട്. മലയാളികള്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ഈ നടന് സമ്മാനിച്ചിട്ടുണ്ട്. മുരളി ഗോപി രചന നിര്‍വ്വഹിച്ച, പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം ലൂസിഫറില്‍ തങ്കരാജ് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയോട് അടുപ്പമുള്ള നെടുമ്പള്ളി കൃഷ്ണന് എന്ന കഥാപാത്രത്തെയാണ് തങ്കരാജ് അവതരിപ്പിച്ചത്. ആ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനിലും ഈ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നുവെന്ന് മുരളി ഗോപി പറയുന്നു.
‘‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ ’’ മുരളിഗോപിയുടെ നൊമ്പരകുറിപ്പ് ഇങ്ങനെയായിരുന്നു. ഒപ്പം ‘ലൂസിഫറി’ലെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന തങ്കരാജിന് 77 വയസ് ആയിരുന്നു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനുമാണ്. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില് ഒരാളാണ് തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ‘ആനപ്പാച്ചന്’ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഇതിനു ശേഷം ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യന്’, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ശേഷം കൈനകരി തങ്കരാജ് കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു. എന്നാല്‍ ഏറെ നാള് കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി. അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ് ‘ഈ മ യൗ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തില്‍ അഭിനയിക്കുന്നത്. ഫാസില്‍, നെടുമുടി വേണു, അലപ്പി അഷ്റഫ് തുടങ്ങിയവര്‍ക്കൊപ്പം മത്സര നാടകങ്ങള്‍ ചെയ്തു. ‘അണ്ണന് തമ്പി’യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ്. തങ്കരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.






