
അനുമതിയില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏറ്റവും കൂടുതല്‍ ഇരയാകാറുള്ളത് സെലിബ്രിറ്റികളായിരിക്കും. പൊതുസ്ഥലങ്ങളിലായിരിയ്ക്കും സെലിബ്രിറ്റികള്‍ക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത്. പൊതുസ്ഥലങ്ങളില്‍ പലപ്പോഴും സെലിബ്രിറ്റികളുടെ സ്വകാര്യത ഇല്ലാതാകുകയാണ് ചെയ്യുന്നത്. പല താരങ്ങളും ഇത്തരം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയാറുമുണ്ട്. ഇപ്പോള്‍ താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയുകയാണ് പ്രമുഖ അമേരിക്കന്‍ ഗായിക കാമില കബെല്ലോ.
ബിക്കിനി ധരിച്ച് മയാമി ബീച്ചില്‍ പോകുമ്പോള്‍ താന്‍ അനുഭവിയ്ക്കുന്ന പ്രശ്നത്തെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഗായിക തുറന്നെഴുതിയത്. അനുമതിയില്ലാതെ പകര്‍ത്തിയ മോശം ചിത്രങ്ങളും അതിനുതാഴെ വരുന്ന ബോഡിഷെയിമിങ് കമന്റുകളും ഓണ്‍ലൈനില്‍ കാണുന്നത് തന്നെ വളരെയധികം തളര്‍ത്തുന്നുവെന്നും കാമില കുറിയ്ക്കുന്നു. പലപ്പോഴും ഞാന്‍ ദുര്ബലയായിപ്പോകുന്നു. ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് അസാധ്യമായ പ്രതീക്ഷകളാണ് സമൂഹം കൊണ്ടു നടക്കുന്നതെന്നും അവര്‍ പോസ്റ്റില്‍ കുറിയ്ക്കുന്നു.
''ബോഡിഷെയിമിങ് കാരണം പൊതുയിടങ്ങളില്‍ ബിക്കിനി ധരിക്കാനുള്ള ആത്മവിശ്വാസം നഷ്ടമായി. ബീച്ചില്‍ പോകുമ്പോള്‍ തീരെ ഇറക്കം കുറഞ്ഞ ബിക്കിനി ധരിക്കാറുണ്ട്. കാണാന്‍ എങ്ങനെയിരിക്കുന്നുവെന്ന് അപ്പോള്‍ ചിന്തിക്കാറു പോലുമില്ല. കാരണം സ്വസ്ഥമായി പ്രകൃതിയെ ആസ്വദിക്കാനാണ് ഞാനെത്തുന്നത്. പക്ഷേ എപ്പോഴും എന്നോടു ചോദിക്കാതെ ആളുകള്‍ ചിത്രം പകര്‍ത്തുന്നു. ഫോട്ടോയെടുക്കാന്‍ ഞാന്‍ തയ്യാറായിട്ടു പോലുമുണ്ടാവില്ല'' - കാമില കുറിച്ചു.






