
ബ്രിട്ടീഷ് ചാരിറ്റി സംഘടന ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിദൂര പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ അന്വേഷിയ്ക്കുകയാണ്. യുകെ അന്റാര്‍ട്ടിക് ട്രസ്റ്റ് ആണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. അന്റാര്‍ട്ടിക് പെനിന്‍സുലയിലെ ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്റോയ് പോസ്റ്റ് ഓഫീസ്, മ്യൂസിയം, ഗിഫ്റ്റ് ഷോപ്പ് എന്നിവയ്ക്കായി ഓരോ വര്‍ഷവും ആള്‍ക്കാരെ നിയമിക്കാറുണ്ട്. പോസ്റ്റ് ഓഫീസിലേക്കുള്ള ജോലിയും ഇതിന്റെ ഭാഗമാണ്.
ഭൂമിയിലെ ഏറ്റവും ജനവാസമില്ലാത്ത സ്ഥലമായിരിക്കും ഇത്. മനുഷ്യര്‍ ഒപ്പമില്ലെങ്കിലും ഇവിടെ ധാരാളം പെന്ഗ്വിനുകളുണ്ടാവും. ജോലി നേടുന്ന വ്യക്തിക്ക് അന്റാര്‍ട്ടിക്കയിലെ പോര്‍ട്ട് ലോക്ക്റോയ് ബേസിന്റെ ചുമതലയും പെന്‍ഗ്വിനുകളെ എണ്ണുന്നതിനുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കും. പൈപ്പ് വെള്ളം ഇല്ലാതെ ജീവിക്കണം എന്നതും കൊടും തണുപ്പുമാണ് ജോലിയുടെ വെല്ലുവിളികള്‍.
അന്റാര്‍ട്ടിക്ക പെനിന്‍സുലയില്‍ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് താവളമാണ് പോര്‍ട്ട് ലോക്ക്റോയ്. ഇത് 1944 മുതല്‍ 1962 വരെ ഉപയോഗിച്ചിരുന്നു. 2006-ല്‍ യുകെ അന്റാര്‍ട്ടിക് ട്രസ്റ്റ് ഇത് ഏറ്റെടുത്തു. അതിനുശേഷം, ഈ സ്ഥലം ഒരു സംരക്ഷണ, വിനോദസഞ്ചാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ഇവിടെ വരുന്ന സഞ്ചാരികള്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് കത്തെഴുതുന്നുന്നത് അന്റാര്‍ട്ടിക്ക് യാത്രകളുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
ഈ ജോലി തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞതായിരിക്കും എങ്കിലും യുകെ അന്റാര്‍ട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് പറയുന്നത് അനുസരിച്ച് നൂറുകണക്കിന് അപേക്ഷകള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ ജോലി ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണെന്ന് ട്രസ്റ്റ് പറയുന്നു.
മഞ്ഞ് വകഞ്ഞു മാറ്റിയാണ് താന്‍ ആദ്യമായി പോസ്റ്റ് ഓഫീസിലെത്തിയത്. ഫ്ലഷ് ടോയ്ലറ്റുകള് ഇല്ല, നമ്മള് ശീലിച്ച ആധുനിക ആഡംബരങ്ങളൊന്നും ഇല്ലെന്നും സ്റ്റേഷന്റെ മുന്‍ പോസ്റ്റ്മാസ്റ്റര്മാരില് ഒരാളായ വിക്കി ഇംഗ്ലിസ് പറയുന്നു.







Comments