ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ പ്രതീകമാണ് കാന്‍ 42 എന്ന ബെന്‍സ് കാര്‍. 12,000 രൂപ നല്കി 1950കളിലാണ് ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന് നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ വാഹന ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബംഗളൂരുവില്‍ താമസിക്കുമ്പോള്‍ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.
യൂസഫലിയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഉത്രാടം തിരുനാള്‍ തന്റെ പ്രിയപ്പെട്ട വാഹനം യൂസഫലിക്ക് നല്കാന് തീരുമാനിച്ചിരുന്നു. അബുദാബിയിലെ വസതിയിലെത്തി യൂസഫലിയെ സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. 2012-ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ അന്തരിച്ചതോടെ, കാര്‍ ഏറെക്കാലമായി മകന് പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.
38-ാം വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെയാണ് സഞ്ചരിച്ചത്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. നിലവില്‍ കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 T കാര്‍ യൂസഫലിക്കു സമ്മാനിക്കും.






