ഒല ഇലക്ട്രിക്കിന്റേയും ഒക്കിനാവയുടേയും ഇലക്ട്രിക്ക് സ്കൂട്ടറുകള് തീപിടിച്ച സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായതോടെ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് സെക്രട്ടറി ഗിരിധര്‍ അരമാനെയാണ് ഇലക്ട്രിക് സ്കൂട്ടറുകള് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ഇലക്ട്രിക് വാഹനങ്ങള്‍ തീ പിടിക്കുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഒരു സ്വതന്ത്ര വിദഗ്ധനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികളും ഉണ്ടാവും. അകത്തു നിന്നും പുറത്തു നിന്നുമുള്ള കാരണങ്ങള്‍ തീപിടുത്തത്തിലേക്ക് നയിച്ചിരിക്കാം. കൂടുതല്‍ കാര്യങ്ങള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം സെക്രട്ടറി ഗിരിധര്‍ അര്‍മാനെ പറഞ്ഞു.
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീ പിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിക്കാന്‍ ഒല ഇലക്ട്രിക്ക് തയ്യാറായിട്ടില്ല. അതേസമയം ഒലയുടെ S1 Pro മോഡല്‍ സ്കൂട്ടര്‍ തീപിടിച്ച സംഭവത്തില്‍ അവര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഒലയും അറിയിച്ചത്.
'പൂനെയില്‍ ഞങ്ങളുടെ സ്കൂട്ടറിന് തീപിടിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഏതാനും ദിവസത്തിനകം അത് പൂര്‍ത്തിയാവും. ഉപഭോക്താവ് സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സുരക്ഷക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണ് ഒല നല്‍കുന്നത്. ഞങ്ങളുടെ വാഹനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും' - ശനിയാഴ്ച്ച ഒല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.






