ദോഹ: റമദാനില്‍ ഗള്‍ഫിലുടനീളം ആര്‍എസ് സി നേതൃത്വത്തല്‍ നടത്തുന്ന 'തര്‍തീല്‍ 22' എന്ന ഹോളിഖുര്‍ആന്‍ മത്സരങ്ങള്‍ക്കും അനുബന്ധപരിപാടികള്‍ക്കും തുടക്കമായി. 916 പ്രാദേശിക യൂണിറ്റ് കേന്ദ്രങ്ങളില്‍ സമാരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങളുണ്ടാവും. മെയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനലോടെ മത്സരങ്ങള്‍ അവസാനിക്കും. വ്രതമാസത്തില്‍ സംഘടന ആചരിക്കുന്ന 'വിശുദ്ധ റമളാന്‍; വിശുദ്ധ ഖുര്‍ആന്‍' എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്.
തര്‍തീലിന്റെ അഞ്ചാമത് പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. കൂടാതെ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ എന്നിവയും മത്സരത്തോടനുബന്ധിച്ച് നടക്കും. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാര്‍ഷിക പരിപാടി കൂടിയാണിത്.
ഖത്തര്‍, സൗദി വെസ്റ്റ്, യു എ ഇ, സൗദി ഈസ്റ്റ്, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഏകദേശം അയ്യായിരം പേര് മത്സരാര്ഥികളായുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരിക്കാന്‍ അവസരം.






