
ന്യുഡല്‍ഹി: ബോയിംഗ് 737 മാക്സ് വിമാനം പറത്തുന്നതില്‍ സ്പൈസ്ജെറ്റിന്റെ് 90 പൈലറ്റുമാര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് ഏര്‍പ്പെടുത്തി. ശരിയായ പരിശീലനം ലഭിക്കുന്നത് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോയിഡയില്‍ ഈ പൈലറ്റുമാര്‍ക്ക് ലഭിച്ചത് വ്യാജമായ പരിശീലനമാണെന്നും പരിശീലനത്തില്‍ ക്രമവിരുദ്ധതയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎയുടെ നടപടി.
ഡിജിസിഎയ്ക്ക് തൃപ്തികരമായ വിധത്തില്‍ ഇവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകണമെന്നും അറിയിപ്പില്‍ പറയുന്നു. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെ സ്പൈസ്ജെറ്റ് പൈലറ്റുമാരുടെ പരിശീലനവും ഡിജിസിഎ നിരീക്ഷിക്കുമെന്നും വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു.
ഡിജിസിഎയുടെ നടപടി ശരിവച്ച സ്പൈസ്ജെറ്റ്, 90 പൈലറ്റുമാരെ മാക്സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഡിജിസിഎയ്ക്ക് തൃപ്തികരമാകുന്ന വിധത്തില്‍ ഈ പൈലറ്റുമാര്‍ പരിശീലനത്തിന് പോകുമെന്നും കമ്പനി വ്യക്തമാക്കി.
ഡിജിസിഎയുടെ തീരുമാനം വിമാന സര്‍വീസുകളെ ബാധിക്കില്ലെന്ന സ്പൈസ്ജെറ്റ് അറിയിച്ചു. നിലവില്‍ 11 മാക്സ് വിമാനങ്ങള്‍ പറത്തുന്നതിന് 144 പൈലറ്റുമാരാണ് വേണ്ടത്. എന്നാല്‍ സ്പൈസ്ജെറ്റിന് മതിയായ പരിശീലനം ലഭിച്ച 560 പൈലറ്റുമാരുണ്ട്. ഇത് സാധാരണ നിലയില്‍ സര്‍വീസുകള്‍ക്ക് ആവശ്യമുള്ളതിനും അധികമാണെന്ന് കമ്പനി വ്യക്താവ് അറിയിച്ചു.







Comments