അപൂര്‍വ്വ രോഗത്തോട് പടവെട്ടി ഇന്ന് ലോകം അറിയുന്ന രാജ്യാന്തര മോഡല്‍ ആയി മാറിയ ന്യൂസീലന്ഡുകാരിയാണ് ടെയ്ല ക്ലെമന്റ്. മോബിയസ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമായിരുന്നു ടെയ്ലയെ ബാധിച്ചിരുന്നത്. മുഖഭാവങ്ങളെയും കണ്ണുകളുടെ ചലനങ്ങളെയും നിയന്ത്രിക്കുന്ന പേശികളെ ബാധിക്കുന്ന രോഗമാണിത്. ടെയ്ലയുടെ കണ്പുരികമോ മേല്ചുണ്ടോ അനങ്ങില്ല. ചിരിക്കാനോ കണ്ണുകള്‍ ഏതെങ്കിലും വശത്തേക്കു ചലിപ്പിക്കാനോ സാധിക്കില്ല. ഇതിന്റെ പേരില്‍ ചെറുപ്പം മുതലേ ടെയ്ല ആക്ഷേപവും കളിയാക്കലും നേരിട്ടു.
സഹപാഠികളുടെ കളിയാക്കലുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും സ്കൂള്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ടെയ്ല പറയുന്നു. ചിരിയെങ്കിലും ലഭിക്കാനായി തന്റെ 11-ാം വയസ്സില്‍ ടെയ്ല ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നാല്‍ ഈ ശസ്ത്രക്രിയ പരാജയപ്പെട്ടു. ഇതോടെ മുഖം വികൃതമായി. ശസ്ത്രക്രിയക്ക് ശേഷം ഒന്നര ആഴ്ചത്തേക്ക് കണ്ണാടി നോക്കാന്‍ പോലും മാതാപിതാക്കളും നഴ്സുമാരും ടെയ്ലയെ അനുവദിച്ചില്ല. ഒരു വര്‍ഷമെടുത്താണ് ശസ്ത്രക്രിയയുടെ ആഘാതത്തില്‍ നിന്നു മോചനം നേടിയത്. രൂപത്തിന്റെ പേരില്‍ കുട്ടിക്കാലത്ത് നേരിട്ട ഉപദ്രവങ്ങള്‍ ടെയ്ലയെ വിഷാദരോഗിയാക്കി. ആറു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 17-ാം വയസ്സില്‍ ചുഴലിരോഗം പിടികൂടി. തുടര്‍ന്നു അഞ്ച് മാസം ദിവസവും പത്തു തവണ ചുഴലി വരുന്ന തരത്തില്‍ സ്ഥിതി ഗുരുതരമായി.
എന്നാല്‍ പിന്നീട് തന്റെ രൂപത്തെ അംഗീകരിയ്ക്കാന്‍ ടെയ്ല ശ്രമിച്ചു. സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കലായിരുന്നു ഇതിനായി ആദ്യം ചെയ്തത്. ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടും കൂടി സ്നേഹിക്കാന്‍ തുടങ്ങി. ജിമ്മില്‍ ചേര്‍ന്നു. മെഡിറ്റേഷന്‍ ചെയ്യാന്‍ തുടങ്ങി. നടക്കാന്‍ പോയി. ചിരിക്കാന്‍ കഴിയാത്ത പെണ്‍കുട്ടി എന്ന പേരില്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ടെയ്ല തന്റെ ദൈനംദിന ജീവിതത്തില്‍ നിന്നുള്ള ചിത്രങ്ങളും മോബിയസ് സിന്‍ഡ്രോമിനെ കുറിച്ചുള്ള വിവരങ്ങളും പങ്കുവയ്ക്കാന്‍ തുടങ്ങി.
ടെയ്ലയുടെ പോസ്റ്റുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ ടെയ്ലയെ തേടി രാജ്യാന്തര മോഡലിങ് ഏജന്‍സി സെബഡി എത്തി. രൂപത്തിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ട ടെയ്ല അങ്ങനെ തന്റെ 24-ാം വയസ്സില്‍ രാജ്യാന്തര മോഡലായി അരങ്ങേറി. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാകുന്നത് കൊണ്ട് മാത്രം ആരും കഴിവില്ലാത്തവരായി മാറുന്നില്ലെന്ന് തെളിയിക്കാനും സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാകാനുമാണ് ആഗ്രഹമെന്ന് ടെയ്ല മെയില്‍ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






