
ഈ വര്‍ഷം ആദ്യമാണ് ടാറ്റ മോട്ടോഴ്സ് അവരുടെ എസ്.യു.വി. നിരയിലെ എല്ലാ മോഡലുകളുടെയും കാസിരംഗ എഡിഷന് വിപണിയില്‍ എത്തിച്ചത്. പഞ്ച് മുതല്‍ സഫാരി വരെയുള്ള എല്ലാ എസ്.യു.വികളുടെയും ഉയര്‍ന്ന വേരിയന്റാണ് കാസിരംഗ എഡിഷനായി മാറിയത്. അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ പേരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്.യു.വികളുടെ പ്രത്യേക എഡിഷന് ഈ പേര് നല്‍കിയതെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരുന്നത്.
പേരിനുള്ള പ്രത്യുപകാരമെന്നോണം ടാറ്റ മോട്ടോഴ്സ് അവരുടെ ഫഌഗ്ഷിപ്പ് എസ്.യു.വിയായ ഹാരിയറിന്റെ കാസിരംഗ എഡിഷന് അസാം കാസിരംഗ നാഷണല്‍ പാര്ക്കിന് സമ്മാനിച്ചിരിക്കുകയാണ്. കരുത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായാണ് കാസിരംഗ നാഷണല്‍ പാര്‍ക്ക് ശ്രദ്ധ നേടിയിട്ടുള്ളത്. പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ വാഹനങ്ങളുടെ കാസിരംഗ എഡിഷനാണ് ടാറ്റ അവതരിപ്പിച്ചിരുന്നത്.
പ്രത്യേകനിറമാണ് കാസിരംഗ എഡിഷന് വാഹനങ്ങളുടെ സവിശേഷത. ഗ്രാസ് ലാന്‍ഡ് ബീജ് -ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്. എസ്.യു.വികളുടെ മുന്‍വശത്ത് കാണ്ടാമൃഗത്തിന്റെ ചെറിയ രൂപവും സ്കഫ് പ്ലേറ്റുകളില്‍ കാസിരംഗ എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്തും കാണ്ടാമൃഗത്തിന്റെ ചിത്രമുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡും ലെതര്‍ ആവരണമുള്ള സീറ്റുകളുമാണ് ഇന്റീരിയറിന്റെ സവിശേഷത.
ഹാരിയറിന്റെ XZ+, XZA+ എന്നീ വേരിയന്റുകളാണ് കാസിരംഗ എഡിഷനായി മാറിയിട്ടുള്ളത്. കഴിഞ്ഞ ഐ.പി.എല്‍. ലേലത്തില്‍ ടാറ്റയുടെ കുഞ്ഞന്‍ എസ്.യു.വി. പഞ്ചിന്റെ കാസിരംഗ എഡിഷന് ലേലത്തില്‍ വയ്ക്കുമെന്നും ഇതില്‍നിന്ന് ലഭിക്കുന്ന പണം കാസിരംഗ പാര്‍ക്കിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നല്‍കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്ക്കിന് സമ്മാനമായി ഹാരിയര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
മെക്കാനിക്കല്‍ ഫീച്ചര്‍ ഉള്‍പ്പെടെയുള്ളവ റെഗുലര്‍ ഹാരിയറുമായി പങ്കിട്ടാണ് കാസിരംഗ എഡിഷന് എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലും പ്രവര്‍ത്തിക്കുന്നത്. ഇത് 170 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളും ഇതിലുണ്ട്. 20.55 ലക്ഷം രൂപ മുതലാണ് കാസിരംഗ എഡിഷന്റെ എക്സ്ഷോറൂം വില.






