
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
തിരുവനന്തപുരം ആനാട് സ്വദേശിസുധീഷ് ലാൽ (37), മകൻ അമ്പാടി (12), ബന്ധുവായ അഭിരാഗ്, ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) എന്നിവരാണ് മരിച്ചത്.. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയാണ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് പ ആശുപത്രിയിലുള്ളത്. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാൻ പോകുകയായിരുന്നു. നെടുമങ്ങാട് നിന്ന് പുലർച്ചേ ഒരു മണിയോടെ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചതാണ്.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഉള്ളിൽകുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.






