വര്‍ഗീയ പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സമെന്ന് വി.ടി ബല്‍റാം. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയില്‍ അപകടകരമായ വെറുപ്പ് വളര്‍ത്തുന്നവര്‍ക്കു മുന്പില് ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നില്ക്കുകയാണെങ്കില് കേരളത്തില്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്കി.
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളെ വര്‍ഗീയ വത്കരിച്ചു വിദ്വേഷ പ്രചാരണം നടത്തിയ ഹിന്ദു മഹാസഭാ പ്രസിഡന്റിനെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്തയും വി.ടി ബല്‍റാം പങ്കുവച്ചു. ഈ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് നാല് അഞ്ച് കാര്യങ്ങളാണെന്ന് ബല്‍റാം അക്കമിട്ട് പറയുകയാണ്.
ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ:
ഒന്ന്) ഒരു വര്‍ഗീയ പ്രസംഗം ശ്രദ്ധയില്‍പ്പെട്ട ജില്ലാ തലത്തിലെ പോലീസ് ഉദ്യോഗസ്ഥനാണ് തന്റെ കീഴുദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. നിങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്ക്, ഡിജിപിക്ക് പരാതി കൊടുക്ക് എന്നൊക്കെപ്പറഞ്ഞ് ന്യായീകരിക്കാന്‍ നില്ക്കുകയല്ല അവിടെയാരും ചെയ്യുന്നത്, പോലീസ് അതത് തലങ്ങളില്‍ അവരുടെ ഉത്തരവാദിത്തം സ്വമേധയാ നിര്‍വ്വഹിക്കുന്നു. ആ നിലയിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം വര്‍ഗീയതയെ അമര്‍ച്ച ചെയ്യാന്‍ അവിടെ പോലീസിന് ലഭിക്കുന്നു.
രണ്ട്) പോലീസ് നടപടി കേവലം എഫ്ഐആറില്‍ ഒതുങ്ങുന്നില്ല. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്താനും തുടര്‍നടപടിയായി വര്‍ഗീയവാദിയെ അറസ്റ്റ് ചെയ്യാനും പോലീസിന് മടിയില്ല.
മൂന്ന്) അറസ്റ്റിനെയും നിയമനടപടികളെയും തടസ്സപ്പെടുത്താന്‍ വര്‍ഗീയവാദികള്‍ സംഘം ചേര്‍ന്ന് ശ്രമിച്ചാല്‍ ലാത്തിവീശാനും വിരട്ടിയോടിക്കാനും ആവശ്യത്തിന് ബലപ്രയോഗം നടത്താനും പോലീസിന് ആര്‍ജവമുണ്ട്. അല്ലാതെ മഞ്ഞക്കുറ്റിക്ക് മുന്പില് മാത്രം വീരസ്യം കാണിക്കുന്ന പോലീസല്ല അവിടെയുള്ളത്.
നാല്) അവിടെ നിലനില്‍ക്കുന്നത് ഐപിസിയും മറ്റ് ക്രിമിനല്‍ നിയമങ്ങളുമൊക്കെയാണ്, ഇവിടത്തേത് പോലെ 'വീര പരിവേഷ ലബ്ദി വിരുദ്ധ നിയമം 2016' അല്ല. അതായത് ഒരു വര്‍ഗീയവാദി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ദുഷ്പ്രചരണം നടത്തിയാല്‍ ബന്ധപ്പെട്ട നിയമങ്ങളുപയോഗിച്ച് കേസെടുത്ത് നടപടികള്‍ സ്വീകരിക്കുക എന്നതാണ് അവിടത്തെ രീതി. അല്ലാതെ വര്‍ഗീയവാദിക്ക് വീരപരിവേഷം കിട്ടുമോ, മരുന്നിട്ട് കൊടുക്കലാകുമോ എന്നൊക്കെ മര്‍മ്മം നോക്കി അറച്ച് നില്‍ക്കലല്ല.
അഞ്ച്) അവിടത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്, അല്ലാതെ കേവലം ജോസഫ് സ്റ്റാലിന്റെ ആരാധകനായ ഏതെങ്കിലും ഉണ്ണാക്കനല്ല






