
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാവനാട് വാഴങ്ങൾ വീട്ടിൽ സുരേഷ് ബാബു (58) കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തായ പനയം സ്വദേശി ബിജു (48)വിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കൊല്ലം-തേനി ദേശീയപാതയിലെ താന്നിക്കമുക്കിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ സംഭവം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ സുരേഷ് ബാബു ബിജുവിനെ ചവിട്ടിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് ബിജു സമീപത്തുണ്ടായിരുന്ന കട്ടകൊണ്ട് സുരേഷ് ബാബുവിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിയായ ബിജു സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്നു. സുരേഷ് ബാബു മരിച്ച വിവരം ഇയാൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് ബിജുവിനെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.






