
തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. നിയമനം വീണ്ടും പരിശോധിക്കണമെന്ന് ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐ ആവശ്യപ്പെട്ടു.
കർണാടക സ്വദേശിയും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമായ വെങ്കട്ട് നാരായണനെയാണ് തമിഴ്നാട് സർക്കാർ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്.തമിഴ് രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിച്ച് ധാരണയില്ലാത്ത ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചത് തിരിച്ചടിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ വിമർശിച്ചു.
അതേസമയം, നിയമനത്തിൽ അപാകതയില്ലെന്ന നിലപാടാണ് വിടുതലൈ സിരുത്തൈകൾ കക്ഷി സ്വീകരിച്ചത്. നയപരമായ തീരുമാനങ്ങളോ നിർണായക ഭരണകാര്യങ്ങളോ കൈകാര്യം ചെയ്യുന്ന പദവിയല്ല ഇതെന്നും, അതിനാൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തനിക്ക് അനുയോജ്യമെന്ന് തോന്നുന്ന ആളെ നിയമിക്കാമെന്നും വിസികെ അധ്യക്ഷൻ തിരുമാവലവൻ വ്യക്തമാക്കി.






