
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര് ഇളങ്കോ ഡിഐജി രാഹുല്‍ ആര് നായര്‍ക്ക് കൈമാറി. അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ ഡിവൈഎഫ്ഐ അര്‍ജുനെതിരെ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ.
അര്ജ്ജുന് ആയങ്കി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അര്ജ്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം പോലുമല്ല. പാര്‍ട്ടി അംഗങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചു, ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ പരസ്യമായി സംഘടന അവരെ തള്ളിയെന്നും എസ് സതീഷ് പറഞ്ഞിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അര്ജ്ജുന് ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയതോടെയായിരുന്നു ഇരുവരും തമ്മില്‍ വീണ്ടും വാക്പോര് ഉടലെടുത്തത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അര്ജ്ജുന് ആയങ്കി മറുപടി നല്‍കുകയായിരുന്നു. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് പരാതിക്ക് പിന്നാലെ അര്ജുന് ആയങ്കി പറഞ്ഞത്.
തൊട്ടുപിന്നാലെ ഡിവൈഎഫ്ഐയും രംഗത്തെത്തി. വെല്ലുവിളിയാണെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നും, പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. അതേസമയം കാപ്പ ചുമത്താനുള്ള ശുപാര്‍ശക്ക് പിന്നില്‍ ഡിവൈഎഫ്ഐ നല്കിയ പരാതിയാണോയെന്ന് വ്യക്തമല്ല.






