
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി കെ.വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. തോമസിന്റെ വരവ് എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം എന്‍സിപി കേരളയുടെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ വികസനവും അതിനെ എതിര്‍ക്കുന്നവരുടെ വികസന വിരുദ്ധതയുമാണ് ചര്‍ച്ചയാകുന്നത്. വികസനത്തിനു വേണ്ടി നില്‍ക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍ കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അറിയാം. സിപിഎം സെമിനാര്‍ വേദിയില്‍ അത് അസന്നിഗ്ധമായി പറഞ്ഞതുമാണ്. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ജനവിധിയാണ്. അദ്ദേഹം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് തന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് അപ്രകാരമാണെന്നാണ് തന്റെ ബോധ്യം. അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്ന് ഇപ്പോഴും പറയുന്നത് അദ്ദേഹത്തെ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് കഴിഞ്ഞില്ല എന്നതുകൊണ്ടാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം .- പി.സി ചാക്കോ ഫെയ്സബുക്ക് പോസ്റ്റില്‍ പറയുന്നു.






