
ബെംഗളൂരു: ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ബെംഗളൂരു അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് (എസിജെഎ) ജാമ്യം അനുവദിച്ചത്. തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ പ്രകാശ് രാജിന്റെ പേരിലുണ്ടെന്നാണ് പരാതി.
ഇതിന് മുമ്പ് കേസിൽ ഹാജരാകാത്തതിനെ തുടർന്ന് ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് തവണ സമൻസ് അയച്ചിട്ടും സ്വീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി നാല് വോട്ടർ ഐഡികളാണ് പ്രകാശ് രാജിന് ഉള്ളതെന്നാണ് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറിന്റെ പരാതി. വേളാച്ചേരിയിൽ രണ്ട് വോട്ടർ ഐഡികൾ ഉണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.






