
തെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ മശ്ഹദിൽ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. വ്യാഴാഴ്ച ഇമാം റെസ പള്ളിയിൽ നടന്ന ചടങ്ങുകളോടെയാണ് ഔദ്യോഗിക കർമങ്ങൾ അവസാനിച്ചത്. ഏകദേശം 4.3 കോടി ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തെന്നാണ് ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ലോകം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിലൊന്നായാണ് ഖമനേയിയുടെ ഖബറടക്കത്തെ ഇറാൻ സ്റ്റേറ്റ് ടിവി വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖാംനഈയെ 131 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കിയത്. യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നാണ് സംസ്കാരച്ചടങ്ങുകൾ ഇത്രയും വൈകിയത്.
ജൂലൈ 4 മുതൽ 9 വരെ നീണ്ടുനിന്ന ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഇറാൻ ജനതയും പങ്കെടുത്തു. തെഹ്റാൻ, ഖും, ഇറാഖിലെ നജഫ്, കർബല, മശ്ഹദ് എന്നിവിടങ്ങളിലായി വിലാപയാത്രകളും അനുബന്ധ ചടങ്ങുകളും സംഘടിപ്പിച്ചു.






