
ചെന്നൈ: ചെന്നൈയില്‍ 25കാരന് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ നിരവധി പോലീസുകാര്‍ അറസ്റ്റിലേക്ക്. വിഗ്നേഷ് എന്ന യുവാവാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തത്.
കഞ്ചാവ് കൈവശം വച്ചതിനും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കഴിഞ്ഞ മാസം വിഗ്നേഷിനെ കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഒരു എസ്.ഐ, കോണ്‍സ്റ്റബിള്‍, ഹോം ഗാര്‍ഡ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. നിരവധി പോലീസുകാര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എത്ര പോലീസുകാര്‍ അറസ്റ്റിലാകുമെന്ന പിന്നീട് വ്യക്തമാക്കാമെന്നാണ് മുതിര്‍ന്ന ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യുവാവിന്റെ മരണം ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയാണ് ക്രമസമാധാന വിഷയമെന്ന നിലയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നത്. പോലീസുകാര്‍ക്കെതിരെ കേസെടുത്തതായും സിബി-സിഐഡി അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മറുപടി നല്‍കിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും സര്‍ക്കാര്‍ അതിനു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.






