യുഎസിൽ 1.3 ലക്ഷം കാറുകൾ ടെസ്ല തിരിച്ചുവിളിച്ചു. അമിതമായി ചൂടാകുന്നതിനെ തുടർന്ന് ടച്ച്സ്ക്രീൻ പ്രവർത്തനക്ഷമമാകുന്നില്ല എന്ന കാരണതാലാണ് തിരിച്ചുവിള്ളിക്കുന്നത് എന്നാണ് സൂചന. നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പുറത്തിറക്കിയ കുറിപ്പ് പ്രകാരം ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്സ്ക്രീൻ സംവിധാനങ്ങളുടെ പ്രവർത്തനം നിലച്ചതെന്നും തുടർന്ന് വാഹനങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയതോടെയാണ് വാഹനങ്ങൾ കമ്പനി തിരികെ വിളിച്ചതും.
വാഹനത്തിന്റെ വാണിങ് ലാംപുകൾ, മാപ്പിൽ നിന്നുള്ള അറിയിപ്പുകൾ, ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലെ റിയർവ്യൂ ക്യാമറ ദൃശ്യങ്ങൾ, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്നും സെൻട്രൽ പ്രൊസസിങ് യൂണിറ്റിൽ നിന്ന് സ്ക്രീനിലേക്കുള്ള സന്ദേശങ്ങൾ എത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2021 – 22 വർഷങ്ങളിൽ ടെസ്ല പുറത്തിറക്കിയ എസ്, എക്സ് എന്നിവയും ഈ വർഷം പുറത്തിറക്കിയ ടെസ്ല 3, വൈ എന്നീ മോഡലുകളുമാണ് നിലവിൽ തിരിച്ചുവിളിച്ചിട്ടുള്ളത്.
ഇത് പരിഹരിക്കാൻ എല്ലാ വർഷവും വാഹന നിർമാതാവ് സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകണമെന്ന് എൻഎച്ച്ടിഎസ്എ നിർദേശിച്ചിട്ടുണ്ട്. ജനുവരി മുതൽ ലഭിച്ച പരാതികളെക്കുറിച്ചും ഫീൽഡ് റിപ്പോർട്ടുകളെക്കുറിച്ചും വാറന്റി ക്ലെയിമുകളെക്കുറിച്ചും പഠിച്ചുവരുന്നതായും ഈ വിഷയത്തിൽ തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളതായും ടെസ്ല എൻഎച്ച്ടിഎസ്എയ്ക്ക് മറുപടി നൽകി.






