
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുതിപ്പില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ട് എണ്ണുമ്പോഴും ഇടതുമുന്നണി ഓരോ കാതം പിറകോട്ട് പോകുകയാണ്. ഈ തിരഞ്ഞെടുപ്പ് ഇടതുസര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമാണ്. കോടിയേരി ബാലകൃഷ്ണനും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു ഇടതുപക്ഷ സര്‍ക്കാരിന്റെ വിലയിരുത്തലാണ് എന്നാണ്. അങ്ങനെയെങ്കില്‍ ആ വിലയിരുത്തല്‍ മാനിച്ച് മുഖ്യമന്ത്രി രാജിവയ്ക്കുമോ? എല്‍ഡിഎഫ് ഈ ജനവിധിയെ അങ്ങനെ നോക്കികാണുമോ? സുധാകരന് ചോദിക്കുന്നു.
ഇത് കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ്. അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. കഴിഞ്ഞകാല ചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഒരു മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയത്. എന്നാല്‍ ദയനീയമായി തോറ്റിരിക്കുന്നു.
ഒരുകാലത്തും കാണാത്ത ധൂര്‍ത്താണ് തൃക്കാക്കരയില്‍ കണ്ടത്. ജനങ്ങളെ വിലയ്ക്കെടുക്കാന്‍ നോക്കി. കള്ളവോട്ട് നടന്നു. വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി കണ്ണൂരില്‍ നിന്നുപോലും ആളുകള്‍ പോയി.
ഇന്‍ഫോപാര്‍ക്കിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരില്‍ ഒരുപാട് പേരുടെ വോട്ട് ഇവിടെയുണ്ട്. അതില്‍ ഏറെയും ചെയ്തത് ഇടതുപ്രവര്ത്തകരാണെന്നും സുധാകരന് ആരോപിച്ചു.






