ശരീരഭാരം കുറയ്ക്കുന്നതിന്റെയും ആരോഗ്യം മെച്ചപ്പെടുന്നതിനുമൊക്കെയായി മിക്കവരും തിരഞ്ഞെടുക്കുന്ന വ്യായാമമാണ് ഓട്ടം. സ്ത്രീകളെക്കാള്‍ പുരുഷന്മാര് തന്നെയാണ് ഓട്ടം കൂടുതലായും തിരഞ്ഞെടുക്കാറുള്ളത്. ഒാടുമ്പോള്‍ മുഖപേശികള്‍ മുറുകുമെന്നും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുമെന്നും ചൂണ്ടിക്കാണിച്ചാണ് സ്ത്രീകള്‍ ഓട്ടം തിരഞ്ഞെടുക്കാത്തത്. പുരുഷന്മാര് ഓടുന്നത് അവരില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സാധാരണ ഓട്ടത്തെക്കാള്‍ ദീര്‍ഘദൂരം പതിവായി ഓടുന്നതാണ് പുരുഷന്മാരില് പ്രശ്നം സൃഷ്ടിയ്ക്കുന്നതെന്നാണ് പഠനങ്ങളില്‍ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, സെന്റ് ബാര്‍ത്തോലോമിയോസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പതിവായി മാരത്തോണ്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാര്, ദീര്‍ഘദൂരം പതിവായി ഓടുന്ന പുരുഷന്മാര് എന്നിവരുടെ ഹൃദയാരോഗ്യം സാധാരണഗതിയില്‍ നിന്ന് പത്ത് വര്‍ഷം വരെ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമായും നാല്പത് കടന്ന പുരുഷന്മാരിലാണ് പഠനം നടന്നത്. പത്തിലധികം ഇവന്റുകളില്‍ പങ്കെടുത്തിട്ടുള്ള പതിവായി ദീര്‍ഘദൂരം ഓടുന്ന മുന്നൂറോളം പുരുഷന്മാരെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, ശരീരഭാരം എന്നിവയെല്ലാം കണക്കാക്കി വേണം പതിവായി ഓടാന്‍ എന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു. അതേസമയം സ്ത്രീകള്‍ക്ക് ഓട്ടം നല്ലതാണെന്നും ഇവര്‍ പറയുന്നു. സ്ത്രീകള്‍ ഓടുന്നത് അവരുടെ ഹൃദയാരോഗ്യം ആറ് വര്‍ഷം വരെ കൂട്ടുമെന്നാണ് പഠനം അവകാശപ്പെടുന്നത്.
പെട്ടെന്ന് തന്നെ വളരെയധികം ഊര്‍ജ്ജം വിനിയോഗിച്ച് ഓട്ടത്തിന് വേഗത കൂട്ടുന്നത്, പെട്ടെന്ന് ഓട്ടം നിര്‍ത്തുന്നത് ഒന്നും നല്ലതല്ലെന്നും ഗവേഷകര്‍ പറയുന്നു. പതിയെ വേണം വേഗത കൂട്ടാന്‍. അതുപോലെ പതിയെ വേണം വേഗത കുറയ്ക്കാനും. കാലുകളിലോ സന്ധികളിലോ വേദനയോ അസ്വസ്ഥതയോ എല്ലാം അനുഭപ്പെടാറുണ്ടെങ്കില് അത് ഒരു ഡോക്ടറെ കാണിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമേ പിന്നീട് ഓടാവൂ എന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
അമിതമായി ഓടുന്നതോ അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നതോ എല്ലാം ശരീരത്തിന് ഗുണത്തിന് പകരം ദോഷം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓടുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രം, ഷൂ എന്നിവയെല്ലാം അതിന് അനുസരിച്ചുള്ളത് ആയിരിക്കണം, അല്ലാത്തപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ വരാമെന്നും ഇവര്‍ പറയുന്നു. സ്ത്രീകളാണെങ്കില്‍ നിര്‍ബന്ധമായും സ്പോര്‍ട്സ് ബ്രാ ധരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.






