
മാവേലിക്കര: പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്സ് മാത്സ് വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്കും നേടി മറ്റം സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി സ്മൃതി സന്തോഷ്കുമാര്‍ നായര്‍.
1200 ല്‍ 1200 മാര്‍ക്കും വാങ്ങിയാണു സ്മൃതി വിജയിച്ചത്. ചെങ്ങന്നൂര്‍ കൊല്ലകടവ് ചെറുവല്ലൂര്‍ പ്രഭാസത്തില്‍ സന്തോഷ്കുമാര്‍-പ്രഭ ദമ്പതികളുടെ മകളാണ്.
മസ്കറ്റില്‍ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന അച്ഛന് സന്തോഷ്കുമാറിനൊപ്പമായിരുന്ന സ്മൃതി ഹയര്‍സെക്കന്‍ഡറിക്കു പഠിക്കാനാണ് മറ്റം സെന്റ് ജോണ്‍സ് സ്കൂളിലെത്തിയത്. പത്താം ക്ലാസില്‍ 97.4 ശതമാനം മാര്‍ക്ക് നേടിയിരുന്നു. സഹോദരി ശ്രുതി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ രണ്ടാം വര്‍ഷ ബി.എസ്സി വിദ്യാര്‍ഥിനിയാണ്. മാത്സിന് ട്യൂഷന് ഉണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍, യൂട്യൂബ് വഴിയും അധ്യാപകരുടെ സഹായത്തോടു കൂടിയും പഠിച്ചാണ് ഉന്നതവിജയം നേടിയതെന്ന് സ്മൃതി പറഞ്ഞു. സി.എയ്ക്ക് ചേരാനാണ് സ്മൃതിയുടെ ആഗ്രഹം.






