
ഏഴംകുളം അറുകാലിക്കലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം.
അയൽവാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി.
രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയൽവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






