ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന്റെ 'സേഫര്‍ ചോയ്സ്' അവാര്‍ഡ് സ്വന്തമാക്കി മഹീന്ദ്ര XUV700. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് പൂര്‍ണമായ 5-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിനായി ഫോര്‍ സ്റ്റാര്‍ റേറ്റിംഗും കരസ്ഥമാക്കിയാണ് എസ്യുവി മടങ്ങിയത്. ക്രാഷ് ടെസ്റ്റില്‍ സാധ്യമായ പരമാവധി 66 പോയിന്റില്‍ 57.69 പോയിന്റുമായി 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' ക്യാമ്പയിനിന് കീഴില്‍ ഏറ്റവും ഉയര്‍ന്ന സംയോജിത റേറ്റിംഗാണ് മഹീന്ദ്രയുടെ ഈ മിഡ്-സൈസ് എസ്യുവി കരസ്ഥമാക്കിയത്.
ഈ അവാര്‍ഡ് ലഭിക്കാന്‍ 18 വയസിനു മുകളിലുള്ള യാത്രക്കാരുടെ സംരക്ഷണത്തിനായി കാര്‍ 5-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തില്‍ കുറഞ്ഞത് 4-സ്റ്റാര്‍ റേറ്റിംഗും നേടിയിരിക്കണമെന്നതാണ്. കൂടാതെ കുറഞ്ഞത് എല്ലാ വേരിയന്റുകളിലും ഒരു ഓപ്ഷന് എന്ന നിലയിലെങ്കിലും വാഹനത്തിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോളും (ESC) ഉണ്ടായിരിക്കണം. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് ഒരു വേരിയന്റിന്റെയോ പാക്കേജിന്റെയോ ഭാഗമായിട്ടല്ല, ഒരു സ്റ്റാന്‍ഡ്-എലോണ്‍ ഫീച്ചറായി ലഭ്യമായിരിക്കണം. മാത്രമല്ല മോഡല്‍ വില്‍പ്പനയ്ക്കെത്തി രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്ത് വില്‍ക്കുന്ന കാറുകളുടെ 20 ശതമാനത്തിലെങ്കിലും ഇത് സജ്ജീകരിച്ചിരിക്കണമെന്നതും ഒരു നിബന്ധനയാണ്. യുണൈറ്റഡ് നേഷന്‍സ് (യുഎന്‍) ചട്ടങ്ങള്‍ UN127 അല്ലെങ്കില്‍ GTR9 അനുസരിച്ച് കാല്‍നട സംരക്ഷണ ആവശ്യകതകളും വാഹനം പാലിക്കേണ്ടതും അനിവാര്യമാണ്.
മഹീന്ദ്രയുടെ രണ്ടാമത്തെ 'സേഫര്‍ ചോയ്സ്' അവാര്‍ഡിനും ADAS സാങ്കേതികവിദ്യകള്‍ വിപുലമായി ഉള്‍പ്പെടുത്തിയതിനും ഗ്ലോബല്‍ എന്‍ക്യാപ് അഭിനന്ദിക്കുന്നുവെന്ന് XUV700 എസ്യുവിക്കായുള്ള സേഫര്‍ ചോയ്സ് അവാര്‍ഡിനെക്കുറിച്ച് സംസാരിച്ച ഗ്ലോബല്‍ എന്‍ക്യാപ് സെക്രട്ടറി അലസാന്‍ഡ്രോ ഫ്യൂറസ് പറഞ്ഞു.






