
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന് ഇന്ത്യയില്‍ കാര്‍ വില്പനയില് വന്‍ കുതിപ്പ്. ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ 21,588 കാറുകളാണ് ഫോക്സ്വാഗണ് ഇന്ത്യയില്‍ വിറ്റിരിക്കുന്നത്. പോയ വര്‍ഷം 10,843 കാറുകളായിരുന്നു ഇതേ കാലയളവില്‍ കമ്പനി വിറ്റിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഫോക്സ്വാഗണ് പുതിയതായി അവതരിപ്പിച്ച വെര്‍ട്യൂസ്, ടൈഗ്വാന്‍, ടയ്ഗുന്‍ എന്നീ കാറുകള്‍ ക്ലിക്കായതും കമ്പനിയുടെ നേട്ടത്തിന് കാരണമായിട്ടുണ്ട്.
വെര്‍ട്യൂസിന്റെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യത്താകെ മെഗാ ഡെലിവറി പദ്ധതികള്‍ ഫോക്സ്വാഗണ് അവതരിപ്പിച്ചിരുന്നു. മെഗാ ഡെലിവറി പദ്ധതിയിലൂടെ മാത്രം 2500 വിര്‍ട്ടസ് കാറുകളാണ് വിറ്റു പോയത്. ഇന്ത്യയില്‍ 114 നഗരങ്ങളിലായി 120 സര്‍വീസ് കേന്ദ്രങ്ങളും 152 ഡീലര്‍ഷിപ്പുകളുമാണ് ഫോക്സ്വാഗണ് ഉള്ളത്്. പുതിയതായി അവതരിപ്പിച്ച കാറുകള്‍ തങ്ങളുടെ നേട്ടത്തിന് പ്രചോദനമായെന്ന് കമ്പനി ബ്രാന്‍ഡ് ഡയറക്ടര്‍ പറഞ്ഞു.
''ഞങ്ങളുടെ ടയ്ഗുനും പുതിയ വെര്‍ട്യൂസും അടക്കമുള്ള കാറുകള്‍ക്ക് വലിയ പ്രതികരണമാണ് ഇന്ത്യയില്‍ നിന്നു ലഭിച്ചത്. ഈ കാറുകള്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ ഇങ്ങനെയായിരുന്നു. ഉപഭോക്താക്കളിലെ സ്വീകാര്യത ഏറിയതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലെ വില്പനയെ ഈ വര്‍ഷം മറികടക്കാന്‍ സാധിച്ചത്. വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ മറി കടന്നു കൊണ്ടായിരുന്നു കമ്പനിയുടെ ഈ നേട്ടം. ഇന്ത്യയിലെ യുവജനങ്ങളുടെ പിന്തുണയാണ് ഗുണം ചെയ്തത്. ഇന്ത്യയിലെ ഫോക്സ്വാഗണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ വര്‍ഷമായി 2022 മാറിക്കൊണ്ടിരിക്കുകയാണ്.''- ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.






