ബ്രസീലിയന്‍ മോഡലും ബിസിനസ് സംരംഭകയുമായ ജെനിഫര്‍ പാംപലോന തന്റെ 29 വയസിനിടെ ചെയ്തത് 40 കോസ്മറ്റിക് ശസ്ത്രക്രിയകളാണ്. ഇതിനായി ചിലവാക്കിയതോ 600000 ഡോളര്‍ അതായത് 4.7 കോടി രൂപ. ലോകപ്രശസ്ത അമേരിക്കന്‍ മോഡലും സെലിബ്രിറ്റിയും ബിസിനസ് സംരംഭകയുമായ കിം കര്‍ദാഷിയാനെ പോലെയാകുക എന്നതായിരുന്നു ജെനിഫര്‍ പാംപലോനയുടെ ലക്ഷ്യം. 17 വയസ്സുള്ളപ്പോഴാണ് കിം കര്‍ദാഷിയാനെ പോലായി മാറാനുള്ള ശസ്ത്രക്രിയകളിലേക്ക് ജെനിഫര്‍ കടന്നത്.
കിമ്മിന്റെ ശരീര വടിവ് ഉണ്ടാക്കാന്‍ അരയ്ക്കു താഴെ മാത്രം മൂന്ന് റിനോപ്ലാസ്റ്റി ശസ്ത്രക്രിയകളും എട്ട് മറ്റ് ശസ്ത്രക്രിയകളും വേണ്ടിവന്നു. നിതംബം ഇംപ്ലാന്റ് ചെയ്യല്‍, കൊഴുപ്പു കൂട്ടാനുള്ള ഇഞ്ചക്ഷനുകള്‍ എന്നിങ്ങനെ 40 ശസ്ത്രക്രിയകള്‍ അവളുടെ ശരീരത്തില്‍ നടന്നു. അങ്ങനെ ആരു കണ്ടാലും കിം കര്ദാഷിയാനെപോലെ തോന്നിക്കുന്ന ശരീരമായി അവള് മാറി. കിം ഇരട്ട എന്ന് അറിയപ്പെട്ടു. കിമ്മിനെ പോലെ ആയതോടെ ജെന്നിഫറിന്റെ ജീവിതം ആകെ മാറിമറിഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അവളെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. എവിടെ ചെന്നാലും തിരിച്ചറിയാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ പത്തു ലക്ഷത്തിലേറെ ഫോളാവേഴ്സ് ഉണ്ടായി. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞതോടെ ഇതൊന്നും അവളെ സന്തോഷിപ്പിക്കാതായി. കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യമുള്ള ശരീരത്തെ പഴയതു പോലെ തന്റെ ശരീരമാക്കി മാറ്റാനുള്ള ശ്രമമായി.
''എല്ലാവരും എന്നെ കിമ്മിന്റെ ഇരട്ട എന്നു വിളിച്ചു. ആളുകള്‍ അന്തംവിട്ട് എന്നെ നോക്കിനിന്നു. എല്ലാവരും എന്നെ കാണുമ്പോള്‍ കിമ്മിനെ കുറിച്ചുമാത്രം പറഞ്ഞു. ഞാന്‍ എന്ന വ്യക്തിയേ ഇല്ലാതായിക്കഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുന്നത് വൈകിയാണ്. പുറമേ മാത്രമാണ് എനിക്ക് സന്തോഷമുണ്ടായത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍, ഞാന്‍ ഞാനല്ലാതായി മാറി എന്ന സങ്കടം വന്നു പൊതിഞ്ഞു. അങ്ങനെയാണ് ഞാന്‍ എന്നെപ്പോലെയാവാന്‍ ആലോചിച്ചു തുടങ്ങിയത്. വീണ്ടും ശസ്ത്രക്രിയകളിലേക്ക് നീങ്ങിയത്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് എല്ലാവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, എനിക്ക് ഞാനായേ പറ്റുമായിരുന്നുള്ളൂ. ഞാന്‍ ശസ്ത്രക്രിയകള്‍ക്ക് അടിമയായിക്കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായി. ഏതോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിരത്തിവെച്ച ഒരു ഷോപീസായി മാറുകയാണ് ഞാനെന്നും എനിക്ക് ബോധ്യമായി.''-കാറ്റേഴ്സ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജെനിഫര്‍ പാംപലോന പറഞ്ഞു.
ശരീരത്തിനെക്കുറിച്ച് സദാബോധവതിയാവുന്ന മാനസിക പ്രശ്നങ്ങളിലേക്കാണ് ഈ അവസ്ഥ കൊണ്ടുചെന്നെത്തിച്ചതെന്ന് അവര്‍ പറയുന്നു. സ്വയം പഴിക്കാന്‍ തുടങ്ങി. കിമ്മിനെ പോലുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ദേഷ്യവും സങ്കടവും വരാന്‍ തുടങ്ങി. അങ്ങനെയാണ്, ഈ രൂപം മാറ്റി തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചുപോവണമെന്ന് അവള് ആഗ്രഹിച്ചത്. പിന്നീട് അതിനായുള്ള ശ്രമങ്ങളായിരുന്നു. അതിനായി, 120000 ഡോളര്‍ (95 ലക്ഷം രൂപ) മുടക്കി വീണ്ടും ശസ്ത്രക്രിയകള്‍ നടത്തി. ടര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലുള്ള ഒരു ഡോക്ടെറയൊണ് ജെന്നിഫര്‍ ഇതിനായി സമീപിച്ചത്. അങ്ങനെ വീണ്ടും നിരവധി ശസ്ത്രക്രിയകള്‍. ''എല്ലാം കഴിഞ്ഞ് കണ്ണാടിയില്‍ ഞാനെന്റെ രൂപം കണ്ടു. അത് പഴയ ഞാനായിരുന്നു. അതിലും വലിയ സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല. ഓപ്പറേഷന് തിയറ്ററില്‍ കയറിപ്പോയ ഞാനായിരുന്നില്ല തിരിച്ചു വന്നത്.''-ജെന്നിഫര്‍ പറയുന്നു.