
തിരുവനന്തപുരം: വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ആള്‍ സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കൂട്ടസ്ഥലം മാറ്റം. വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും എതിരെയാണ് നടപടി. സ്‌റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാര്‍ക്കെതിരേയാണ് നടപടി. നേരത്തെ സി.ഐ അടക്കം മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് സ്വീകരിക്കേണ്ട മനുഷ്യത്വപരമായ നടപടി ഉണ്ടായില്ലെന്ന് കാണിച്ചാണ് സ്ഥലംമാറ്റം. ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്തം വേണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈകി വടകര അടക്കാത്തെരുവില്‍വെച്ച് സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി സജീവനേയും രണ്ട് സുഹൃത്തുക്കളേയും സ്‌റ്റേഷനിലേക്ക് മാറ്റി. അവിടെവെച്ച് പോലീസ് സജീവനെ മര്‍ദിച്ചതായി ബന്ധുക്കളും ഒപ്പമുണ്ടായിരുന്നവരും പറയുന്നു. പിന്നീട് സജീവന്‍ സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു.
തനിക്ക് സുഖമില്ലെന്നു സജീവന്‍ പോലീസിനെ അറിയിച്ചിരുന്നു. കുഴഞ്ഞു വീണ സജീവനെ രക്ഷിക്കാനുള്ള യാതൊരു ശ്രമവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും പരാതിയുണ്ട്. സ്‌റ്റേഷനില്‍ വാഹനമുണ്ടായിട്ടും അശുപത്രിയിലെത്തിച്ചില്ല. സജീവന്‍ വീണ് കിടക്കുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലേക്കു മാറ്റിയത്. സഹകരണ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചു. യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടി. എന്നാല്‍, സജീവനെ മര്‍ദിച്ചെന്ന ആരോപണം ശരിയല്ലെന്നും സ്‌റ്റേഷനില്‍നിന്ന് ഇവരെ വിട്ടയച്ച ശേഷമാണ് സംഭവമെന്നുമാണ് പോലീസിന്റെ വിശദീകരണം.
കസ്റ്റഡി മരണമെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുകയാണ്.






