
തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതായി ആരോപണം. മികച്ച തിരക്കഥാകൃത്തിന്റെ പേരിനൊപ്പം ആകാശ് തില്ലങ്കേരിയുടെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിലാണ് പിഴവ് സംഭവിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം, അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം ഉൾപ്പെടുത്തിയതായാണ് കണ്ടെത്തൽ. എന്നാൽ ബുള്ളറ്റിനിൽ പേരായി രാജേഷ് തില്ലങ്കേരി തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മാസം 15-ന് പുറത്തിറങ്ങിയ പി.എസ്.സി ബുള്ളറ്റിനിലാണ് ഈ ഗുരുതര പിഴവ് ഉണ്ടായത്. തുടർന്ന് ജൂൺ 1നും 15നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ചിത്രം തിരുത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്.
സംഭവത്തിൽ പിഎസ്‌സി തെറ്റ് സംഭവിച്ചതായി അംഗീകരിച്ചിട്ടുണ്ട്. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് രാജേഷ് തില്ലങ്കേരിക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.






