
തൊടുപുഴ: കുടയത്തൂര്‍ സംഗമം ജംഗ്ഷനിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം അ്ഞ്ചായി. മാളിയേക്കല്‍ കോളനി ചിറ്റടിച്ചാലില്‍ സോമന്. ഭാര്യ ഷിബി എന്നിവരുടെ മൃതദേഹങ്ങളാണ് അഞ്ചു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത്. സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന് ദേവാനന്ദന് എന്നിവരുടെ മുതദേഹങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ച സ്ഥലത്തിന് അടുത്തുനിന്നു തന്നെയാണ് സോമനേയും ഷിബിയേയും കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവരുടെ വീടിരുന്ന സ്ഥലത്തിനു മുകളില്‍ ഉരുള്‍പൊട്ടിയത്. അതിതീവ്ര മഴയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. തൊടുപുഴ അറക്കുളത്ത് 131 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
റവന്യൂ മന്ത്രി കെ.രാജന്, ഷീന്‍ കുര്യാക്കോസ് എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസും ഫയര്‍ഫോഴ്സും മണിക്കൂറുകള്‍ നടത്തിയ തീവ്ര പരിശ്രമത്തിലാണ് എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്. മണ്ണിനടിയിലുള്ള മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ കഴിവുള്ള പോലീസ് നായ്ക്കെളയും തിരച്ചിലിന് എത്തിച്ചിരുന്നു.
ഉരുള്‍പൊട്ടി വന്ന വെള്ളം ഒരു പാറയില്‍ തടഞ്ഞ് മാറി ഒഴുകിയതിനാല്‍ 30 ഓളം വീടുകള്‍ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടു. ഒരു ഓട്ടോറിക്ഷയും കാണാതായി മന്ത്രി രാജന് പറഞ്ഞു.
ഇതിനു മുന്‍പ് ഈ പ്രദേശത്ത് ഉരുള്പൊട്ടലുണ്ടായിട്ടില്ല. അപകട സാധ്യതയുള്ള പ്രദേശത്ത് ഉള്ളവരെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിക്കും. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ താന്‍ സ്ഥലത്തുനിന്ന് പോകുവെന്ന് മന്ത്രി പറഞ്ഞു.







Comments