Authored by Web Desk | Last updated: 06 Dec 2016, 7:59 AM | 3 min read
പുരട്ചി തലൈവിയുടെ വേര്‍പാടില്‍ നൊമ്പരപ്പെട്ടിരിക്കുകയാണ് തമിഴകം മുഴുവനും. കര്‍ണാടകത്തിലെ മാണ്ഡ്യയിലെ ബ്രഹ്മണകുടുംബത്തില് ജനിച്ച ജയലളിത പിന്നീട് സവര്‍ണ ആധിപത്യത്തിനെതിരെ ഉയര്‍ന്നുവന്ന ദ്രാവിഡ പാര്‍ട്ടിയുടെ തലപ്പത്ത് എത്തി. ഇത്തരത്തില്‍ നിരവധി കൗതുകങ്ങള്‍ കൊണ്ട് ശ്രദ്ധേയയാണ് ജയലളിത. അധികമാരും അറിയാത്ത ജയലളിതയുടെ 15 കാര്യങ്ങള്‍ ഇതാ...
1. മൂന്നാം വയസ്സില്‍ ഭരതനാട്യം പഠിച്ചു
ചലച്ചിത്രരംഗത്ത് ശ്രദ്ധേയമായ ചുവട് വച്ച ജയലളിതയുടെ നൃത്തം വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നതാണ്. ഏറെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുണ്ട്. മൂന്നാം വയസ്സില്‍ തന്നെ ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ അവര്‍ തുടര്‍ന്ന് കഥക്, മോഹിനിയാട്ടം, മണിപ്പൂരി എന്നീ നൃത്തവും ശാസ്ത്രീയ സംഗീതവും പിയാനോയും അഭ്യസിച്ചിട്ടുണ്ട്.
2. 15ാം വയസ്സില്‍ നായിക
പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന ജയലളിതയ്ക്ക് ചെറുപ്പകാലം മുതല്‍ക്കെ അഭിനയത്തോട് വിരക്തിയായിരുന്നു. 15 വയസ് പ്രായമുള്ളപ്പോള്‍ അമ്മയുടെ നിര്‍ബന്ധത്തിലാണ് ആദ്യ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് തമിഴകത്തെതന്നെ ഏറ്റവും മികച്ച നടിയും ഭരണത്തിലും എത്താന്‍ ഇത് ഇവരെ സഹായിച്ചു.
3. കൃഷ്ണനായി രംഗപ്രവേശനം
കൃഷണഭക്തയായ ജയയുടെ ആദ്യവേഷവും കൃഷ്ണന്റെതു തന്നെയാണ്. 'മന് മവുജി' എന്ന ചിത്രത്തില്‍ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തത്തിലാണ് കൃഷ്ണനായി എത്തിയത്. കിഷോര്കുമാറായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.
4. തമിഴ് കന്നിച്ചിത്രം അഡള്‍ട്സ് ഒണ്‍ളി
ജയലളിതയുടെ കന്നി തമിഴ് ചിത്രമായ 'വെണ്ണീറാടൈ' ഒരു അഡള്‍ട്സ് ഒണ്‍ളി ചിത്രമായിരുന്നു. അന്ന് പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന അവര്‍ക്ക് ആദ്യ ചിത്രം തീയേറ്ററില്‍ പോയി കാണുവാനുള്ള ഭാഗ്യവും ലഭിച്ചില്ല. ചെറുപ്പക്കാരിയായ വിധവയുടെ വേഷമായിരുന്നു ഇവര്‍ കൈകാര്യം ചെയ്തത്.
5. ആദ്യ ഗ്ലാമറസ് നായിക
തമിഴില്‍ ആദ്യമായി സ്ലീവ്ലെസ് ബ്ലസും അണിഞ്ഞ് വെള്ളച്ചാട്ടത്തില്‍ നനഞ്ഞുള്ള അഭിനയിച്ച നായികയും ഇവര്‍ തന്നെയായിരുന്നു. ഈ ഗാനരംഗം ഉള്പ്പെടുത്തിയിരുന്നതിനാല് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതിന് പുറമെ തമിഴര്‍ക്ക് അത്രകണ്ട് പരിചിതമല്ലാത്ത കുട്ടിപ്പാവാട ധരിച്ച് വെള്ളിത്തിരയില്‍ എത്തിയതും അമ്മ തന്നെ.
6. താരപ്രഭ
ഏഴുവട്ടം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആറ് തവണ തമിഴ്നാട് സിനിമ ഫാന്‍ അവാര്‍ഡും ഇവരെ തേടി എത്തിയിട്ടുണ്ട്.
7. ഏറ്റവുമധികം പ്രതിഫലം പറ്റിയ നായിക
1966 കാലഘട്ടത്തില്‍ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങിയ നായികയും പുരട്ചി തലൈവി തന്നെയാണ്.
8. റെക്കോര്‍ഡുകളുടെ തോഴി
125 ചിത്രങ്ങളില്‍ നായിക വേഷത്തിലെത്തിയ ഇവര്‍ എട്ട് ചിത്രത്തില്‍ ഇരട്ട വേഷത്തിലും എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ തമിഴിലും തെലുങ്കിലും ചെയ്ത നടി എന്ന റെക്കോര്‍ഡും ഇവരുടെ പേരിലാണ്. അവര്‍ അഭിനയിച്ച ഏക ഹിന്ദി ചിത്രം ഇസത്തും ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു
9. ഗായികയായി
നടിക്ക് പുറമെ ഗായിക എന്ന നിലയിലും പ്രഗല്ഭയായിരുന്നു ജയലളിത. രാഷ്ട്രീയ ഗുരുവും തമിഴകത്തിന്റെ പുരട്ചി തലൈവരുമായ എംജിആര്‍ തന്നെയാണ് ഇതിനും സഹായിച്ചത്. എംജിആറിന് 48 വയസ് പ്രായമുണ്ടായിരുന്നപ്പോഴാണ് നായികയായി 17 കാരിയായ ജയലളിത എത്തുന്നത്.
10. ആഡംബരത്തിന്റെ തോഴി
1967ല്‍ ജയലളിത ഇപ്പോള്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ വേദ നിലയം എന്ന ബംഗ്ലാവ് 1.32 കോടി രൂപയ്ക്കാണ് വാങ്ങിയത്. ഇന്ന് ഇതിന് ഏകദേശം 43.96 കോടിയാണ് വില മതിക്കുന്നത്.
11. വിവാദങ്ങളുടെ തോഴി
അനധീകൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ച ഇവരുടെ വസതിയില്‍ 1997 നടത്തിയ പരിശോധനയില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പുകള്‍, 10,500 സാരികള്‍ മറ്റ് വിലമതിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.
12. പുസ്തകപ്പുഴു
പതിവായി ഇംഗ്ലീഷ് ബുക്കുകള്‍ വായിച്ചിരുന്ന പുസ്തകപ്പുഴുവായിരുന്നു ജയലളിത. യാത്രയില്‍ പോലും സ്ഥിരമായി ഇത്തരം പുസ്തകങ്ങളും കൊണ്ടുപൊയിരുന്നു.
13. ജയ എന്ന എഴുത്തുകാരി
കര്‍ണാടകത്തില്‍ ജനിച്ച തലൈവി ശുദ്ധമായ തമിഴില്‍ ലേഖനങ്ങളും മറ്റും എഴുതിയിരുന്നു. 'തായ്' എന്ന് ആഴ്ചപതിപ്പില്‍ സ്ഥിരമായി എഴുതിയിരുന്ന ഇവര്‍ ഒരു നോവലും തയ്യാറാക്കിയിട്ടുണ്ട്.
14.വിദ്യാഭ്യസത്തിന് മുന്‍ഗണന
കുട്ടിക്കാലത്ത പഠനത്തില്‍ മികവ് കാണിച്ചിരുന്ന ജയലളിത വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നു. അതിനാല്‍ തന്നെ പ്രീയപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യം അറിഞ്ഞ് കൈകാര്യം ചെയ്തിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാമ്പത്തീക പ്രശ്നം കാരണം മികച്ചരീതിയില്‍ പഠിച്ചിരുന്ന തോട്ടക്കാരന് പയ്യന്റെ് വിദ്യാഭ്യാസത്തിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി മധുരയിലെ ഒരു പ്രധാനപ്പെട്ട എന്‍ജിനിയറിങ്ങ് കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ആമസോണിന്റെ ഉന്നത പദവിയില്‍ എത്തുകയും ചെയതു.
രാഷ്ട്രീയ ഗുരുവും നായകനുമായ എംജിആര്‍ പ്രിയങ്കരന്‍ ആയിരുന്നെങ്കിലും മറ്റൊരാളോട് കടുത്ത പ്രണയാമായിരുന്നു ഇവര്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. തമിഴിലെ പ്രമുഖ താരവും വിവാഹിതനുമായിരുന്ന ശോഭന്‍ ബാബുവിനോടായിരുന്നു ജയലളിതയ്ക്ക് കടുത്ത പ്രണയം തോന്നിയിരുന്നത്. സ്വന്തം വീട്ടിലിരുന്ന് ബൈനോക്കുലര്‍ ഉപയോഗിച്ച് ശോഭന്‍ ബാബുവിനെ വീക്ഷിച്ചിരുന്നതായാണ് കേട്ടിട്ടുള്ളത്. പിന്നീട് ഇവര്‍ മറ്റൊരു വിവാഹത്തിനും തയ്യാറായതുമില്ല.