ന്യൂഡല്‍ഹി: നായയോട് യുവാവിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത. കാലില്‍ മാന്തിയതിന് നായയുടെ കാലുകള്‍ ഹാക്സോ ബ്ലേഡിന് അറുത്ത് മാറ്റി. ഡിസംബര്‍ രണ്ടിനാണ് ക്രൂരത അരങ്ങേറിയത്. രണ്ട് മാസം പ്രായമുള്ള നായയുടെ കാലുകളാണ് പ്രമോദ് എന്ന യുവാവ് അറുത്ത് മാറ്റിയത്.
വീട്ടില്‍ കയറി വന്ന നായക്ക് ഇയാള്‍ ആഹാരം നല്കി. തുടര്‍ന്ന് സ്നേഹം പ്രകടിപ്പിച്ച നായ ഇയാളുടെ കാലില്‍ മാന്തി. ഇതില്‍ പ്രകോപിതനായാണ് പ്രമോദ് നായയുടെ കാല് അറുത്ത് മാറ്റിയത്. നായയെ കെട്ടിയിട്ട ശേഷമാണ് കാലുകള്‍ മുറിച്ചു മാറ്റിയത്. നായയുടെ ഒരു മുന്കാലും ഒരു പിന്കാലുമാണ് ഇയാള്‍ മുറിച്ചു മാറ്റിയത്.
തൊഴില്‍രഹിതനായ പ്രമോദ് മിക്കപ്പോഴും മദ്യലഹരിയിലായിരിക്കുമെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃഗസ്നേഹികളാണ് വിഷയം പുറംലോകത്ത് എത്തിച്ചത്. നിലവിലെ നിയമപ്രകാരം ഇയാള്‍ക്ക് 50 രൂപ പിഴ ശിക്ഷ മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.






