കാരെന്‍സ് എംപിവിയെ തിരികെ വിളിച്ച് കിയ ഇന്ത്യ. എയര്‍ബാഗ് കണ്ട്രോള് മൊഡ്യൂള്‍ സോഫ്റ്റ്വെയറില് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായാണ് കമ്പനി പുത്തന്‍ വാഹനത്തെ തിരികെ വിളിച്ചിരിക്കുന്നത്. കാരെന്‍സിന്റെ 44,174 യൂണിറ്റുകളാണ് കിയ ഇന്ത്യയില്‍ തിരികെ വിളിച്ചിരിക്കുന്നത്. പരിശോധനയ്ക്കിടെ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍, ഒരു ഇന്‍ഡിപെന്‍ഡന്റ് സോഫ്റ്റ്വെയര് നവീകരണത്തിലൂടെ കമ്പനി പ്രശ്നം പരിഹരിക്കും.
വാഹനം തിരിച്ചു വിളിക്കുന്ന വിവരം തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നതിനായി കമ്പനി ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളെ നേരിട്ട് അറിയിക്കാന്‍ തുടങ്ങും. തിരിച്ചുവിളിക്കുന്നതിനെ കുറിച്ച് കമ്പനിയില്‍ നിന്നും ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞാല്‍, ബാധിതമായ കാരെന്‍സ് വാഹനങ്ങളുടെ ഉടമകള്‍ കിയയുടെ അംഗീകൃത ഡീലര്‍മാരുമായി ബന്ധപ്പെട്ട് ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ട്. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനിലെത്തുന്ന കാരെന്‍സ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമ്പനി പുറത്തിറക്കുന്നത്. കിയ സെല്‍റ്റോസിന് സമാനമായ എഞ്ചിന്, ഗിയര്‍ബോക്സ് കോമ്പിനേഷനുകളുമായാണ് കാരെന്‍സ് എംപിവിയും കളംനിറയുന്നത്.
'കിയ കാരെന്‍സിലെ എയര്‍ബാഗ് കണ്ട്രോള് മൊഡ്യൂളിലെ (ACU) സോഫ്റ്റ്വെയറില് എന്തെങ്കിലും പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കിയ ഇന്ത്യ ഈ സ്വമേധയാ തിരിച്ചുവിളിക്കല്‍ കാമ്പെയ്ന് നടത്തുന്നത്. ഈ കാമ്പെയ്നിന്റെ പ്രക്രിയയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് കമ്പനി പരമാവധി ശ്രദ്ധിക്കും' - എന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ വര്‍ഷം ഫെബ്രുവരി 15 ന് ഇന്ത്യയില്‍ അവതരിപ്പിച്ച കരെന്സിന്റെ ഏകദേശം 48,000 യൂണിറ്റുകളോളം 2022 സെപ്റ്റംബര്‍ വരെ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കിയയുടെ മൊത്തം വില്‍പ്പന 25,857 യൂണിറ്റായിരുന്നു. അതില്‍ 5,233 യൂണിറ്റുകളാണ് കാരെന്‍സിന്റെ സംഭാവന. നിലവില്‍ കിയ കാരെന്‍സിന് ഇന്ത്യയില്‍ 9.60 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.






