
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്ക്കരണം മണ്ടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നയം സമ്പൂര്‍ണ്ണ പരാജയമെന്നും നോട്ട് അസാധുവാക്കലില്‍ മോദി വിദഗ്ദോപദേശം തേടിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകണമെന്നും മണ്ടന്‍ തീരുമാനം എടുത്ത ശേഷം ഓടുന്ന പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ പിടിക്കുമെന്നും പറഞ്ഞു.
പേയ്ടിഎം എന്നാല്‍ പേ ടൂ മോഡി എന്നാണെന്നും രാഹുല്‍ പറഞ്ഞു. കള്ളപ്പണം പിടിക്കുക എന്ന കേന്ദ്രത്തിന്റെ നീക്കം ബാങ്കില്‍ പണം തിരിച്ചെത്തിയതോടെ സമ്പൂര്‍ണ്ണമായി പൊളിഞ്ഞെന്നും രാഹുല്‍ ആക്ഷേപിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകണം. പണമില്ലാതെ കര്‍ഷകര്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി തമാശ ആസ്വദിക്കുകയാണ്. നോട്ട് പിന്‍വലിച്ച് ഒരു മാസം തികയുമ്പോള്‍ ആയിരുന്നു രാഹുലിന്റെ പ്രതികരണം. കള്ളപ്പണം പൂട്ടാനും അഴിമതിയെ തുടച്ചു മാറ്റാനും 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി ഉപദേശം തേടാതെ എടുത്തത് കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കും. കേന്ദ്രം കള്ളപ്പണം എന്ന് പറഞ്ഞ് ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുകയാണെന്നും പറഞ്ഞു.
പാര്‍ലമെന്റിലും വിഷയം ശക്തമാകുകയാണ്. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. ഒത്തു തീര്‍പ്പിനായി കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് പ്രതിപക്ഷം ആഞ്ഞടിക്കുന്നത്. പ്രതിപക്ഷം പാര്‍ലമെന്റ് പരിസരത്ത് ധര്‍ണ്ണ നടത്തി. ചര്‍ച്ച എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയാലും കള്ളപ്പണം പിടിക്കാന്‍ കഴിഞ്ഞില്ലെന്നും പണം മുഴുവന്‍ ബാങ്കില്‍ തിരികെ എത്തുകയാണ് ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തില്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു.






