
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് മരവിപ്പിക്കലിനു പിന്നാലെ ഉണ്ടായ കറന്‍സി ക്ഷാമം കണക്കിലെടുത്ത് ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രത്തിന്റെ തീരുമാനം. നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തിന് ഒരു മാസം തികയുന്ന ഇന്നാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വാര്‍ത്താ സമ്മേളത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പുതിയ തീരുമാനം നടപ്പാക്കുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കും. ഇന്‍ഷുറന്‍സ് പോളിസികള്‍ കാര്‍ഡുവഴി അടക്കുന്നവര്‍ക്ക് ജനറല്‍ പ്രീമിയത്തില്‍ 10 ശതമാനം ഇളവ്. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 8 ശതമാനം ഇളവ്. ദേശീയപാതകളിലെ ടോള്‍ ബൂത്തുകളിലും 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കാര്‍ഡ് വഴിയും ഓണ്‍ലൈന്‍ വഴിയും ഉള്ള ഇടപാടുകള്‍ ഇരട്ടിച്ചതായും ധനമന്ത്രി വ്യക്തമാക്കി.






