തിരുവനന്തപുരം: മ്യുസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും. മ്യൂസിയം വളപ്പില്‍ യുവതി ആക്രമിച്ചതും കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഒരാള്‍ തന്നെയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറ് ദിവസമായി 20 ഓളം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ആരും തന്നെ കുറ്റം സമ്മതിച്ചിരുന്നില്ല. ഫോണ്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍, രൂപസാദൃശ്യം, കാര്‍ സാന്നിധ്യം തുടങ്ങിയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്.
മ്യൂസിയത്ത് ആക്രമിച്ച ആള് ഇന്നോവ കാറിലാണ് എത്തിയതെന്ന കണ്ടെത്തിയിരുന്നു. ഈ കാറിന്റെ സാന്നിധ്യം കുറവന്‍കോണം പരിസരത്തും കണ്ടെത്തിയിരുന്നു.





