തിരുവനന്തപുരം: കത്ത വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. ഏത് അന്വേഷണത്തോടും എതിരില്ല. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. തന്റെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായ കോടതിയോട് നന്ദിയുണ്ട്. തനിക്കെതിരെ മഹിള കോണ്‍ഗ്രസ് നടത്തിയ 'പെട്ടി സമരത്തില്‍' ഉന്നയിച്ച അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കുന്നത് നിയമപരമായി പരിശോധിക്കുമെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു.
സമരവും സ്വഭാവിക പ്രതിഷേധവും നടക്കട്ടെ. അതിന്റെ സാഹചര്യം എല്ലാവര്ക്കും അറിയാം. സമരത്തിന് ഓരോ ദിവസം ആളുകള്‍ കുറഞ്ഞുവരികയാണ്. എന്റെ കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ള കാലത്തോളം താന്‍ മേയറായി തുടരും.
ക്രൈംബ്രാഞ്ചിന് മൊഴി നല്കാന് സിപിഎം ജില്ലാ സെക്രട്ടറിയും കൗണ്‍സിലര്‍ ഡി.ആര് അനിലും തയ്യാറായില്ലെന്നത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു മേയറുടെ മറുപടി.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നടപടി സ്വീകരിച്ചു. അദ്ദേഹത്തിലും സര്‍ക്കാരിലുമുള്ള വിശ്വാസം താന്‍ അറിയിച്ചു. ക്രൈംബ്രാഞ്ചിന് മൊഴി നല്കി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമായി മുന്നോട്ടുപോകും. പരാതി കൊടുത്തത് വെറുതെയല്ല. വെറുതെ ഒരു പരാതി കിടട്ടോട്ടെ എന്ന് കരുതിയല്ല കൊടുത്തത്. കോടതി നോട്ടീസ് അയച്ചുവെന്ന് പറയുന്നുണ്ടെങ്കിലും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തെ പോസിറ്റീവായി ആണ് കാണുന്നത്.
രാഷ്ട്രീയ സമരത്തില്‍ എല്ലാവരും ഭാഗമാകാറുണ്ട്. എന്നാല്‍ ഇന്നലെ ഒരു എം.പി അടക്കമുള്ളവര്‍ നടത്തിയ സമരത്തില്‍ സ്വീകരിച്ച നടപടി അപകീര്‍ത്തികരമാണ്. മഹിളാ കോണ്‍ഗ്രസ് കൊണ്ടുവന്ന പെട്ടി ചെറുതായി പോയി എന്നാണ് അവര്‍ തന്നെ പറയുന്നത്. ഇന്ന് കോണ്‍ഗ്രസില്‍ കാണുന്ന പലരും നാളെ ബിജെ.പിയിലാണ്. ആ സാഹചര്യത്തിലായിരിക്കും പെട്ടി ചെറുതായി പോയെന്ന് പറയുന്നത്.
കുടുംബത്തില്‍ ഉള്ളവരെ കൂടി ചേര്‍ത്താണ് പറയുന്നത്. അതില്‍ അപകീര്‍ത്തി കേസ് അടക്കം സ്വീകരിക്കാന്‍ കഴിയുമോ എന്ന് നിയമപരമായി പരിശോധിക്കുകയാണ്. നഗരസഭയുടെ ഏതെങ്കിലും പണം താനോ ഡെപ്യുട്ടി മേയറോ കൗണ്‍സിലര്‍മാരോ എടുത്തതായി ആരോപണം ആര്‍ക്കുമില്ല. ഉണ്ടെങ്കില്‍ പറയട്ടെ, അന്വേഷണത്തിലൂടെ തെളിക്കാമെന്നൂം മേയര്‍ പറഞ്ഞു. 'കട്ട കാശുമായി കോഴിക്കോട്ടേക്ക് വിട്ടോളി... പെട്ടി മഹിള കോണ്‍ഗ്രസ് വക' എന്നെഴുതിയ പെട്ടിയുമായാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധസമരം നടന്നത്.
കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. കോടതി പറയുന്ന അന്വേഷണത്തില്‍ കൂടി സഹകരണം ഉണ്ടാവും.
സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. പോലീസിനെയും കൗണ്‍സിലര്‍മാരെയും ജനങ്ങളെയും ആക്രമിക്കുന്ന രീതിയിലേക്ക് എത്തി. മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ ഇടപെടുന്ന ഒരു തദ്ദേശ ഭരണ സ്ഥാപനമാണ്. കോര്പറേഷന് ഭരണം തടസ്സപ്പെടുത്തുന്ന നിലയിലേക്ക് പോകരുത്. ജനങ്ങള്‍ ഇടപെട്ടാല്‍ തീവരാവുന്നതേയുള്ള ഈ സമരങ്ങള്‍.
താന്‍ ബുദ്ധിയില്ലാത്ത ആളാണെന്നൂം മാപ്പുപറഞ്ഞാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തിനും ആര്യ രാജേന്ദ്രന് മറുപടി നല്കി. കെ.സുധാകരന്റെ അത്ര ബുദ്ധിയുള്ള ആളല്ല താന്‍. പലരേയൂം ആക്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്. അത്ര ക്രൂരമായ ബുദ്ധിയുള്ള ആളല്ല. സാധാരണ മനുഷ്യന്റെ ബുദ്ധി മാത്രമാണ് തനിക്കുള്ളത്.
സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. മേയര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ അതിനിടെ തങ്ങളുടെ വാര്‍ഡിലെ പദ്ധതികള്‍ക്കുള്ള കത്തില്‍ മേയറുടെ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നുണ്ട്. മേയര്‍ രാജിവയ്ക്കണമെന്ന് പറയുന്നവര്‍ തങ്ങളുടെ വാര്‍ഡില്‍ മേയറുടെ സേവനം വേണ്ടെന്നെങ്കിലും പറയാന്‍ തയ്യാറാകണമെന്നും മേയര്‍ പരിഹസിച്ചു.






