
പത്തനംതിട്ട : നിലവിലുള്ള അലൈന്മെന്റില് സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്കാന് കഴിയില്ലെന്നും പുതിയ പദ്ധതിരേഖ സമര്‍പ്പിക്കേണ്ടിവരുമെന്നും റെയില്‍വേ ബോര്‍ഡ്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന കെ-റെയില്‍ വാദത്തിനു കഴമ്പില്ലെന്നു വ്യക്തമാക്കുന്നതാണ് റെയില്‍വേ ബോര്‍ഡിന്റെ പുതിയ വെളിപ്പെടുത്തല്‍. പദ്ധതി രേഖ അപൂര്‍ണമാണ്.
പദ്ധതി ചെലവ് രേഖപ്പെടുത്തിയിരിക്കുന്നതിലും പിഴവുകള്‍ ഏറെ. ലാഭകരമായി പദ്ധതി മാറുമോ എന്ന കാര്യത്തിലും ആശങ്ക. ഡി.പി.ആര്. സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന റെയില്‍വേ ബോര്‍ഡ് പലതവണ നിര്‍ദേശിച്ചിട്ടും കെ-റെയില്‍ അവഗണിച്ചു. കൂടാതെ ജനകീയ സമരം വ്യാപകമായതും പദ്ധതിക്ക് തിരിച്ചടിയായി.
ഡി.പി.ആര്. സമര്‍പ്പിച്ചതു മുതല്‍ അലൈന്മെന്റില് കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡ് ഉന്നയിച്ചിരുന്നു. ഇത് പ്രകാരം ദക്ഷിണ റെയില്‍വേ (എറണാകുളം) 2020 ജൂണ്‍ 10നും ജൂണ്‍ 15നും കെ-റെയില്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ അലൈന്മെന്റില് ചില ആശങ്കകള്‍ അറിയിക്കുകയും കാര്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും കെ-റെയിലിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ഡി.പി.ആര് സംബന്ധിച്ച സംശയ നിവാരണത്തിന് റെയില്‍വേ ബോര്‍ഡ് 2021 ജൂലൈ, സെപ്റ്റംബര്‍, ഓക്ടോബര്‍, കഴിഞ്ഞ മേയ്, ഓഗസ്റ്റ് എന്നീ മാസങ്ങളിലായി അഞ്ച് കത്തുകള്‍ അയച്ചിരുന്നു. ഒന്നിനും കൃത്യമായ മറുപടി നല്കാന് കെ-റെയില്‍ ശ്രമിച്ചില്ല.
ഈ വര്‍ഷം സെപ്റ്റംബറില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ-റെയില്‍ വരുത്തിവച്ച പിഴവുകള്‍ അക്കമിട്ട് നിരത്തിയിരുന്നു. വിശദമായ സാങ്കേതിക രേഖകള്‍, അലൈന്മെന്റ് പ്ലാന്‍, സ്വകാര്യഭൂമിയിലൂടെയും റെയില്‍വേ ഭൂമിയിലൂടെയും ലൈന്‍ കടന്നുപോകുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍, നിലവിലുള്ള റെയില്‍വേ ലൈനിനെ, സില്‍വര്‍ ലൈന്‍ മറികടക്കുന്ന മേഖലകള്‍ എന്നിവ വിശദമായ പരിശോധനയ്ക്കും സാധ്യത വിലയിരുത്തുന്നതിനുമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവയൊന്നും നല്കാന് കെ-റെയില്‍ തയാറായില്ല.
അലൈന്മെന്റില് കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ ദക്ഷിണ റെയില്‍വേയുടെ ഭാവി പദ്ധതികളെ അത് പ്രതികൂലമായി ബാധിക്കും. നിലവിലുള്ള ലൈനിനു സമാന്തരമായി 3,4 ലൈനുകള്‍ നിര്‍മിക്കുക എന്ന റെയില്‍വേയുടെ ഭാവി പദ്ധതിക്ക് സില്‍വര്‍ലൈന്‍ തടസം സൃഷ്ടിക്കും. അതിനാലാണ് റെയില്‍വേ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ചത്. കെ-റെയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുലര്‍ത്തിവന്ന മൗനം അലൈന്മെന്റ് മാറ്റാന്‍ തയാറല്ലെന്ന നിലപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് കരുതുന്നു. കൂടാതെ കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങി നല്ക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഭാവിയില്‍ രാജ്യത്തിന്റെ ഇതരഭാഗവുമായി ബന്ധപ്പെടാന്‍ ഇതിലൂടെ കഴിയില്ല. കര്‍ണാടക സംസ്ഥാനത്തിന്റെ പങ്കാളിത്തം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ആ സാഹചര്യത്തില്‍ അലൈന്മെന്റില് മാറ്റം വരുത്തി പുതിയ പദ്ധതി രേഖ സമര്‍പ്പിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് റെയില്‍വേ ബോര്‍ഡ് അധികൃതര്‍ പറയുന്നു.
സജിത്ത് പരമേശ്വരന്






