തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൊഴി തിരുത്തി സാക്ഷി പ്രശാന്ത്. മരിച്ചുപോയ തന്റെ സഹോദരനാണ് ആശ്രമം കത്തിച്ചതെന്നും സഹോദരന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നുമാണ് പ്രശാന്ത് പറഞ്ഞിരുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകനായ അനുജന് പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നും ഇക്കാര്യം മരിക്കുന്നതിനു മുന്‍പ് തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് പ്രശാന്ത് മാധ്യമങ്ങളോടും പറഞ്ഞിരുന്നത്. എന്നാല്‍ മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ ഇക്കാര്യം പാടേ നിഷേധിച്ചിരുക്കുകയാണ് പ്രശാന്ത്.
ക്രൈംബ്രാഞ്ച് തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിച്ചതാണെന്നാണ് പ്രശാന്ത് മജിസ്ട്രേറ്റിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മൊഴി മാറ്റിയതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രശാന്ത് തയ്യാറായില്ല.
പ്രശാന്ത് മൊഴിമാറ്റിയ സാഹചര്യം അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കഴിഞ്ഞയാഴ്ച നല്കിയ മൊഴിയുടെ പകര്‍പ്പ് ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പ്രശാന്തിന്റെ മൊഴിമാറ്റം ക്രൈംബ്രാഞ്ചിനെ മാത്രമല്ല സര്‍ക്കാരിനെയും സിപിഎമ്മിനേയും വെട്ടിലാക്കുകയാണ്. മരിച്ചയാളെ പ്രതിയാക്കിയ അന്വേഷണ സംഘത്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു.
നാല് വര്‍ഷം മുന്‍പ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്ന സമയത്തായിരുന്നു ആശ്രമം കത്തിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പ്രകാശ് ജീവനൊടുക്കിയിരുന്നു. ഇതില്‍ വിളപ്പിന്‍ശാല പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ആശ്രമം കത്തിച്ച കേസിനെ കുറിച്ച് സൂചന ലഭിക്കുന്നതെന്നും പ്രശാന്തിന്റെ മൊഴിയെടുത്തതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. മൊഴിമാറ്റിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.






