
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില്‍ നേരിടേണ്ടി വന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമായ അനുഭവമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു മുഖ്യമന്ത്രിയ്ക്ക് നേര്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് പിണറായിയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന്റെ നാണക്കേണ്ട കേരളത്തിനോ കേരളാ മുഖ്യമന്ത്രിയ്ക്കോ അല്ലെന്നും മധ്യപ്രദേശിനും അവിടുത്തെ മുഖ്യമന്ത്രിയ്ക്കുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും പരസ്പരം പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്നമായ ലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായത്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. നിയമലംഘകരെയും അക്രമികളെയും നിലയ്ക്ക് നിര്‍ത്തി നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ച നടപടി ലജ്ജാകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.






