
ചെന്നൈ: സിനിമാ തീയേറ്ററുകളില്‍ 'ദേശീയഗാനം' ആലപിക്കണമെന്ന പുതിയ നിയമം ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണത്തിനാണ് ഇട വെച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു തീയേറ്ററില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര് ദേശീയഗാനത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ അക്രമത്തിന് ഇരയായി. നഗരത്തിലെ കാസി തീയേറ്ററിലെ നൂണ്‍ഷോയ്ക്ക് മുന്നോടിയായി ദേശീയഗാനം മുഴക്കിയപ്പോള്‍ എഴുന്നേറ്റില്ല എന്ന കുറ്റത്തിനാണ് യുവതീയുവാക്കള്‍ മര്‍ദ്ദനത്തിന് ഇരയായത്.
ചെന്നൈ അശോക നഗറിലെ തീയറ്ററില്‍ രാവിലെ 11.30 യ്ക്ക് തുടങ്ങിയ ഷോയ്ക്കിടെ വിജി എന്ന സിനിമാ നിരൂപകനാണ് അക്രമത്തിനിരയായത്. വിജയകുമാര്‍ എന്ന് പേരുള്ള യുവാവിന്റെ നേതൃത്വത്തില്‍ മുപ്പതോളം പോന്ന യുവാക്കളുടെ സംഘമാണ് വിജിയെയും ഒപ്പമുണ്ടായിരുന്ന ശബരിത, ശ്രീല എന്നീ യുവതികളെയും കൈകാര്യം ചെയ്തത്. ചെന്നൈ 28 എന്ന സിനിമയുടെ പ്രദര്‍ശനം തുടങ്ങും മുമ്പായിരുന്നു തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചത്. സിനിമ കാണാന്‍ എത്തിയവരെല്ലാം എഴുന്നേറ്റ് നിന്നിട്ടും മൂന്ന് പേര് മാത്രം സീറ്റില്‍ തന്നെയിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. ഇന്റര്‍വെല്‍ സമയത്ത് വിജയകുമാര്‍ വിജിയുടെ കോളറില്‍ കയറിപ്പിടിക്കുകയും ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
തുടര്‍ന്ന് വിജയകുമാറിനൊപ്പം മറ്റ് 20 യുവാക്കള്‍ കൂടി ചേരുകയും വിജിയെയും പെണ്‍കുട്ടികളെയും നന്നായി മര്‍ദ്ദിക്കുകയും ചെയ്തു. ശബരിതയ്ക്കും ശ്രീലയ്ക്കും കണക്കിന് കിട്ടി. തങ്ങളെ നന്നായി മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പിന്നീട് വിജി ആരോപിച്ചു. അതേസമയം ഓരോ പ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധി മാനിച്ച് തീയേറ്ററുകളില്‍ ഇപ്പോള്‍ ഇക്കാര്യം ചെയ്തു വരുന്നുണ്ട്. എന്നാല്‍ എല്ലാവരും എഴുന്നേറ്റ് നില്ക്കുമ്പോള് അക്രമത്തിനിരയായ മൂന്നംഗ സംഘം എഴുന്നേറ്റ് നിന്നില്ല എന്ന് മാത്രമല്ല സെല്‍ഫിയെടുത്തു രസിക്കുകയായിരുന്നെന്ന് വിജയകുമാര്‍ പറഞ്ഞു. അതേസമയം തീയറ്ററില്‍ മൊത്തം ഒമ്പതു പേര് എഴുന്നേറ്റില്ലെന്നാണ് വിവരം.






