
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വിട്ടതോടെ സൗദി ക്ലബ്ബ് അല്‍ നാസ്സറിന്റെ തട്ടകമാണ് ലോകത്തെ ഏറ്റവും കിടയറ്റ ഫുട്ബോളര്മാരില് ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോ തെരഞ്ഞെടുത്തത്. 200 ദശലക്ഷം ഡോളറിന്റെ കരാറില്‍ താരം ചൊവ്വാഴ്ച സൗദിയില്‍ എത്തുകയും ക്ലബ്ബ് താരത്തെ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.
താരം ക്ലബ്ബിന്റെ പടി ചവിട്ടിയതിന് പിന്നാലെ അല്‍ നാസര്‍ പരിശീലകന് റൂഡി ഗാര്‍ഷ്യ നടത്തിയ തമാശ വൈറലായി മാറുകയാണ്. ദോഹയില്‍ നിന്നും മെസ്സിയെ കൊണ്ടുവരാനാണ് താന്‍ ആദ്യം ആഗ്രഹിച്ചത് എന്ന ഗാര്‍ഷ്യയുടെ പരാമര്‍ശമാണ് വൈറലാകുന്നത്. ക്രിസ്ത്യാനോ എത്തുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. റൊണാള്‍ഡോയുടെ മാറ്റം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു പത്രസമ്മേളനം.
മെസ്സിയും റൊണാള്‍ഡോയും തങ്ങളുടെ ക്ലബ്ബുകള്‍ക്കായി നടത്തുന്ന മികവിന്റെ അടിസ്ഥാനത്തില്‍ ആരാണ് കേമന്‍ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ലോകഫുട്ബോള്‍ വേദിയില്‍ പതിവായിരുന്നു. എന്നാല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് നേട്ടത്തോടെ മെസ്സി ഒരു പടി മുകളിലായി. അര്‍ജന്റീന താരം കപ്പുയര്‍ത്തി ലോകഫുട്ബോളിലെ ഏക തമ്പുരാനായി ഉയര്‍ന്നപ്പോള്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ നിന്നു തന്നെ പുറത്തായി. യൂറോപ്പില്‍ ആരും വാങ്ങാതിരുന്ന താരത്തെ അല്‍ നാസറാണ് രക്ഷിച്ചത്.
ചൊ്വ്വാഴ്ച അല്‍ നാസറില്‍ എത്തിയ റൊണാള്‍ഡോയ്ക്ക് വലിയ വരവേല്‍പ്പാണ് കിട്ടിയത്. ജനുവരി അഞ്ചിനാണ് അല്‍നാസറിന്റെ ഇനിയുള്ള മത്സരം. ഈ കളിയില്‍ ക്രിസ്ത്യാനോയ്ക്ക് ആദ്യ ഇലവണില്‍ സ്ഥാനം കിട്ടുമോ അതോ താരത്തെ ബഞ്ചിലിരുത്തുമോ എന്ന ആകാംഷയിലാണ് സി.ആര്. 7 ന്റെ ആരാധകവൃന്ദം.





