വൈറലാകുന്ന ലക്ഷക്കണക്കിന് ട്വീറ്റുകള്‍ക്കിടയില്‍ ഹൃദയഭേദകമായ ഒരു ട്വീറ്റാണ് ട്വിറ്റര്‍ അനുയായികള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുദീര്‍ കുമാര്‍ പങ്കുവെച്ച അനുഭവകഥ. തന്റെ കണ്ണുകളെ ഈറനണിയിച്ച മനു എന്ന ആറുവയസ്സുകാരന്റെ ജീവിതമാണ് ഡോക്ടറുടെ കുറിപ്പിന് ആധാരം.
തിരക്കേറിയ ഒരു ഒപിഡി ദിവസം, ചെറുപ്പക്കാരായ ദമ്പതികള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അവരുടെ ആറുവയസ്സുകാരന്‍ മകന്‍ മനുവിന് ക്യാന്‍സറാണ്. അവനോട് അവര്‍ ഈ കാര്യങ്ങളൊന്നും പങ്കുവച്ചട്ടില്ല. അവന്‍ പുറത്തിരിപ്പുണ്ട് അവനെകണ്ട് ചികിത്സയെക്കുറിച്ച് സംസാരിക്കണം. ഇത് മാത്രമായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അവരുടെ ആഗ്രഹംപോലെ ഡോക്ടര്‍ മനുവിനെ കാണാനെത്തി. വീല്‍ചെയറില്‍ വലതു കൈയ്യും കാലും തളര്‍ന്നിരുന്നിട്ടും പുഞ്ചിരി തൂകുന്ന നിഷ്കളങ്ക മുഖം.
ഓപ്പറേഷനുശേഷം കീമോതെറാപ്പിയിലായിരുന്നു മനു. ബ്രെയിന്‍ ട്യൂമറിന്റെ ഗുരുതരാവസ്ഥയായിരുന്നു മനുവിന്റെ വൈകല്യങ്ങള്‍ക്കെല്ലാം കാരണം. ക്യാന്‍സറിന്റെ മൂര്‍ച്ചയേറിയ ഗ്ലിയോ ബ്ലാസേ്റ്റാമ മള്‍ട്ടിഫോമാണ് അവന്റെ ഇടതു തലച്ചോറിനെ ബാധിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ റെക്കോര്‍ഡ്‌സില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി, തുടര്‍ന്ന് ചികിത്സയെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ ഡോക്ടറോട് മാത്രമായി സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. അവന്‍ പറഞ്ഞു:
‘‘എന്റെ രോഗങ്ങളെക്കുറിച്ച് ഐപാഡില്‍ ഇന്റര്‍നെറ്റില്‍ നോക്കി ഞാന്‍ മനസ്സിലാക്കി, എനിക്ക് ക്യാന്‍സറാണ്, വെറും ആറ് മാസങ്ങള്‍കൂടിയെ ഞാന്‍ ഇനി ജീവിച്ചിരിക്കുകയുള്ളു, പക്ഷെ ഈ കാര്യങ്ങള്‍ ഒരിക്കലും എന്റെ മാതാപിതാക്കള്‍ അറിയരുത്. അവരെന്നെ ഒരുപാട് സ്‌നേിഹിക്കുന്നു. ഇതറിഞ്ഞാല്‍ അവരൊരുപാട് വേദനിക്കും' . ആ കുരുന്നു ജീവന്റെ ഹൃദയ സ്പര്‍ശിയായ അപേക്ഷകേട്ട് അല്പനേരം അദ്ദേഹം നിശ്ചലനായി നിന്നു. വികാരനിര്‍ഭരമായ ആ നിമിഷത്തില്‍ അദ്ദേഹം അവനെ ആശ്വസിപ്പിച്ചു. ആരും ഇതറിയില്ലെന്ന് വാക്കുകൊടുത്തു.
മനുവിനെ പുറത്തിരുത്തി ഡോക്ടര്‍ എല്ലാ വിവരങ്ങളും മാതാപിതാക്കളോട് സംസാരിച്ചു. 'നിങ്ങളുടെ വാക്ക് പാലിക്കാന്‍ എനിക്ക് സാധിച്ചില്ല, അവന്റെ അസുഖത്തെകുറിച്ച് അവന് മുന്‍പ് തന്നെ അറിയാമായിരുന്നൂ. എല്ലാം അവന്‍ അറിഞ്ഞ സ്ഥിതിക്ക് ഇനിയുള്ള ദിനങ്ങള്‍ വളരെ നിര്‍ണായകമാണ്. അവന്‍ ജീവച്ചിരിക്കുന്ന അത്രയും നാള്‍ വളരെ സന്തോഷത്തോടെ ഇരിക്കണം'. ഡോക്ടര്‍ വിങ്ങലോടെ പറഞ്ഞു നിര്‍ത്തി. നന്ദി പറഞ്ഞ് നിറകണ്ണുകളോടെ ആ ദമ്പതികള്‍ മനുവിനെയുംകൊണ്ട് പടിയിറങ്ങി.
നാളുകള്‍ കടന്നുപോയപ്പോള്‍ ഡോക്ടര്‍ ഈ സംഭവം മറന്നു. ഒന്‍പത് മാസങ്ങള്‍ക്കുശേഷം അദ്ദേഹത്തെ കാണാന്‍ ആ ദമ്പതികള്‍ വീണ്ടും എത്തി. കണ്ട നിമിഷംതന്നെ അവരെ മനസ്സിലാക്കിയ അദ്ദേഹം മനുവിന്റെ അവസ്ഥയെകുറിച്ച് ചോദിച്ചു. 'ഡോക്ടര്‍ നിങ്ങളെവന്ന് കണ്ട് പോയതിനുശേഷം മനുവുമായി കുറെ നല്ല നിമിഷങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഡിസ്‌നി ലാന്റില്‍ പോകണമെന്ന അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ജോലിയും മറ്റു തിരക്കുകളും മാറ്റിവെച്ച് ഞങ്ങള്‍ അവനോടൊപ്പം ചിലവഴിക്കുകയായിരുന്നു. ഒരു മാസം മുന്‍പ് ഞങ്ങള്‍ക്കവനെ നഷ്ടമായി. ഇപ്പോഴത്തെ ഞങ്ങളുടെ വരവ് അങ്ങയോട് നന്ദി പറയാനാണ്. ഏറ്റവും മികച്ച എട്ടു മാസങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയതില്‍ ഒരുപാട് നന്ദി'.






