
ജോഷിമഠ്: മുന്നില്‍ അസ്ഥിയുരുകുന്ന തണുപ്പും പിന്നില്‍ ഇടിഞ്ഞുതാണു കൊണ്ടിരിക്കുന്ന വീടും. 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജോഷിമഠം കാര്‍ ചെകുത്താനും കടലിനും നടുവിലാണ്. കൊടും ശൈത്യത്തില്‍ താപനില പൂജ്യത്തിലേക്ക് താണിരിക്കുമ്പോള്‍ കണ്മുന്നില് ഇടിഞ്ഞു താണുകൊണ്ടിരിക്കുന്ന വീട്ടില്‍ ഭീതിയോടെ കഴിയുകയാണ് ജോഷിമഠംകാര്.
വലിയ വിള്ളല്‍ വീണിരിക്കുന്ന ഭിത്തി മൂലം മേല്‍ക്കൂര താഴെ വീഴാതെ വലിയ തടിക്കഷ്ണങ്ങള്‍ തിരുകി വെച്ചിരിക്കുകയാണ് ജോഷിമഠിലെ സുനില്‍ എന്ന പ്രദേശത്തെ താമസക്കാരനായ 51 കാരന് ദുര്‍ഗാ പ്രസാദ് ശക്ലാനി. എട്ടുമാസം മുമ്പാണ് ഇയാള്‍ വീടു നിര്‍മ്മിച്ചത്. 15 അംഗങ്ങളുള്ള കുടുംബത്തോട് തൊട്ടടുത്ത ഹോട്ടലിലേക്ക് മാറിക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികാരികള്‍. പക്ഷേ ഹോട്ടലില്‍ എത്രനാള്‍ എന്നതാണ് ഇവരുടെ പ്രശ്നം. പുറത്ത് കഴിയാമെന്ന് വെച്ചാല്‍ മരം കോച്ചുന്ന കൊടും തണുപ്പില്‍ ഇവര്‍ എന്തുചെയ്യും?
ചന്ദ്രാ ബെല്ലാ പാണ്ഡേയുടെ വീട് താമസിക്കാന്‍ കൊള്ളതായിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. വീടിനുള്ളില്‍ 6 - 8 ഇഞ്ച് നീളത്തിലാണ് വിള്ളലുകള്‍. അത് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. 1999 ലാണ് പാണ്ഡേ വീടു വെച്ചത്. കണ്മുമ്പില് വീട് ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് വീടു വിട്ടോടാനാണ് കുടുംബത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.
ഉത്തരാഖണ്ഡ് അധികൃതര്‍ ജോഷിമഠത്തില്‍ പ്രശ്നബാധിത മേഖലയില്‍ പെട്ടവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 70 ലധികം കുടുംബങ്ങളെ ഇതിനകം മാറ്റിക്കഴിഞ്ഞു. 90 കുടുംബങ്ങളെ കൂടി മാറ്റേണ്ടതുണ്ട്. പ്രദേശത്തെ മണ്ണിടിച്ചില്‍ സാരമായി ബാധിച്ചതോടെ 600 കെട്ടിടങ്ങളിലാണ് വിള്ളലുകള്‍ വീണിരിക്കുന്നത്. മൊത്തം 4,500 കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ജോഷിമഠില്‍ 610 എണ്ണത്തിന് കേടുപാടുകള്‍ പറ്റി. കുടുംബങ്ങള്‍ക്ക് അടിയന്തിര സാഹചര്യം ഒരുക്കാനുള്ള പണം ഞായറാഴ്ച ജില്ലാ ഭരണകൂടം വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.






