
ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുള്‍ഫത്താഹ് സുലയിനുമാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാനാകും. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം ഹജ്ജിനുള്ള അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് വീണ്ടും ഹജ്ജിന് അവസരം നല്‍കിയത്. ഇരു രാജ്യങ്ങളും പുതിയ കരാര്‍ ഒപ്പുവെച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷയാകുകയാണ്.
കോവിഡ് ഭീതിയൊഴിഞ്ഞ് 2022ല്‍ വിദേശ തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 79,237 പേര് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി. 2019ല്‍ 2 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചിരുന്നു. 2020ലും 21ലും കൊവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം കിട്ടിയിരുന്നില്ല. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് എക്സ്പോയില്‍ വച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായത്.






