കൊച്ചി: കളമശേരി നഗരസഭ പരിധിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചിയും 150 കിലോ എണ്ണയും പിടികൂടി. കൈപ്പടമുകളിലെ ഒരു വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇറച്ചി അഴുകിത്തുടങ്ങിയിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് നഗരസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്നതാണിത്.
പാലക്കാട് സ്വദേശി ജുനൈസിന്റെതാണ് സ്ഥാപനമെന്ന് അധികൃതര്‍ പറയുന്നു. വീട് വാടകയ്ക്ക് എടുത്താണ് ഫ്രീസറില്‍ മാംസം സൂക്ഷിച്ചിരുന്നത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുമ്പോഴാണ് വൃത്തിഹീനമായി സൂക്ഷിച്ചിരുന്ന ഇറച്ചിയും എണ്ണയൂം പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉടമ കടന്നുകടഞ്ഞിരുന്നു. നഗരത്തിലെ ഹോട്ടലുകള്‍ക്ക് കുറഞ്ഞവിലയ്ക്ക് വിറ്റഴിച്ചിരുന്ന ഇറച്ചിയാണിത്. സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു






